എറണാകുളം പ്രസ് ക്ലബിൽ ‘മീറ്റ് ദ ലീഡർ’ പരിപാടി കഴിഞ്ഞിറങ്ങിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ഏറെനേരമായി പുറത്ത് കാത്തുനിന്ന പേരക്കുട്ടിയെ
എടുത്തുയർത്തി സ്നേഹചുംബനം നൽകുന്നു. ഭാര്യ ബെറ്റി ലൂയീസ് ബേബി സമീപം
തിരുവനന്തപുരം: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തെരഞ്ഞെടുപ്പാരവങ്ങളെ ചടുലമാക്കിയും അജണ്ടകൾ മാറ്റിയെഴുതിയും ജനക്കൂട്ടങ്ങളെ ഇളക്കിമറിച്ചും താരപ്രചാരകർ കളംനിറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുതൽ മുഖ്യമന്ത്രിയും പ്രകാശ് കാരാട്ടും തേജസ്വി യാദവും രാജ്നാഥ് സിങ്ങും രേവന്ത് റെഡ്ഢിയുമെല്ലായി പ്രചാരണത്തട്ടിൽ വമ്പൻമാരുടെ പൊടിപൂരം. ഇനി വരാനിരിക്കുന്നവരുടെ നീണ്ടനിര കൂടിയായതോടെ വരുംദിവസങ്ങളിൽ താരപ്രചാരകരുടെ റോഡ് ഷോയായി പ്രചാരണം ചുവടുമാറും.
യു.ഡി.എഫ് ക്യാമ്പിന് വലിയ രാഷ്ട്രീയാവേശമാണ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം. മാർച്ച് 25ന് കോഴിക്കോട് ബീച്ചിലായിരുന്നു ആദ്യപരിപാടിയെങ്കിലും മാതാവ് സോണിയ ഗാന്ധിയുടെ ആശുപത്രിവാസത്തെ തുടർന്ന് അദ്ദേഹത്തിന് എത്താനായില്ല. എന്നാൽ, ഓൺലൈനിലൂടെ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു. മാർച്ച് 30നും 31നും രാഹുലിന്റെ രണ്ടാംഘട്ട പര്യടനങ്ങൾ വൻ ജനക്കൂട്ടത്തെ ആകർഷിച്ചു.
ഇടതുമുന്നണിയെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പ്രചാരണങ്ങളുടെ ക്യാപ്റ്റൻ. മാർച്ച് 23ന് പത്തനംതിട്ടയിൽ ആരംഭിച്ച ജില്ല പര്യടനം മൂന്നിന് കണ്ണൂരിലാണ് സമാപിക്കുക. ഒരുദിവസം നാല് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രിയുടെ പങ്കാളിത്തം. ഇതിനകം 40 പൊതുയോഗങ്ങളിൽ പങ്കെടുത്തു.സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സുഭാഷിണി അലി, ആനി രാജ എന്നിവരാണ് എൽ.ഡി.എഫ് താരപ്രചാരകർ.
എൻ.ഡി.എയുടെ പ്രചാരണങ്ങൾക്ക് വലിയ ഊർജമാണ് പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾ. മാർച്ച് 11ന് കൊച്ചിയിൽനിന്നാണ് ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിച്ചത്. പിന്നീട് 29ന് തൃശൂരിലും പാലക്കാട്ടുമെത്തി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിഥിൻ നബീൻ, സ്മൃതി ഇറാനി, പ്രിയങ്ക് ഖാർഗെ തുടങ്ങിയവർ ഇതിനകം സംസ്ഥാനത്തെതി. പ്രിയങ്ക ഗാന്ധി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവർ ഉടൻ കേരളത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.