മോൻസന്‍റെ വീട്ടിൽ പോയത് കലാകാരിയെന്ന നിലയിൽ; സാമ്പത്തിക ഇടപാടുകളില്ലെന്ന് ശ്രുതി ലക്ഷ്മി

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ താൻ പോയത് കലാകാരിയെന്ന നിലയിലാണെന്ന് നടി ശ്രുതി ലക്ഷ്മി. മോൻസണുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും നടി വ്യക്തമാക്കി. ശ്രുതി ലക്ഷ്മിയെ ഇന്നലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

മോൻസൺ തട്ടിപ്പുകാരനായിരുന്നെന്ന് തനിക്കറിയില്ലായിരുന്നു. കോർഡിനേറ്റർ വഴിയാണ് മോൻസൺ ബന്ധപ്പെട്ടത്. പിന്നീട് മോൻസന്‍റെ സ്റ്റാഫ് വഴി വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു. പിറന്നാളിന് നൃത്തപരിപാടി അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയത്. തന്നോട് മോശമായ രീതിയിൽ പെരുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ സംശയം തോന്നിയിട്ടുമില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞാൽ ഒരിക്കലും പരിപാടിക്ക് പോകില്ലായിരുന്നു. അയാൾ വിളിച്ച പരിപാടികളിലെല്ലാം പല പ്രമുഖരും വിശിഷ്ട വ്യക്തികളുമാണ് പങ്കെടുത്തിരുന്നത്. മാധ്യമവാർത്തകളിലൂടെയാണ് മോൻസന്‍റെ തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞതെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു.

ശ്രുതിയുമായി മോൻസൺ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നതിന്‍റെ അന്വേഷണ ഭാഗമായാണ് നടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പുരാവസ്തു വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട മോൻസന്‍റെ സാമ്പത്തിക കൈമാറ്റത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ കേസ് അന്വേഷിക്കാൻ ഹൈകോടതി ഇ.ഡിക്ക് നിർദേശം നൽകിയിരുന്നു. തുടർന്നാണ് മോൺസണുമായി ഇടപാട് നടത്തിയവരെ ചോദ്യം ചെയ്യുന്നത്. 

Tags:    
News Summary - sruthi lakshmi about ed questioning in Monson case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.