തിരുവനന്തപുരം: മഴ കാരണമല്ല നമ്മൾ മുങ്ങിപോകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ. ഒരു രാവും പകലും മഴ പെയ്താൽ, ഒരായിരം ചെറുതും വലുതുമായ വെള്ളക്കെട്ടുകൾ നമ്മുടെ നഗരങ്ങളിലും, ഗ്രാമങ്ങളിലും, റോഡുകളിലും, തെരുവുകളിലും, വൻകിട പദ്ധതികളായ ദേശീയ പാതകളിലും വരെ ഉണ്ടാവുന്നു. ഇതിന് കാലാവസ്ഥയെയും മഴയെയും മാത്രം കുറ്റം പറഞ്ഞ് എത്രനാൾ ഇങ്ങനെ തുടരാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
(വീഡിയോ-മാഹി മുഴപ്പിലങ്ങാട് സർവീസ് റോഡിൽ കാണുന്ന എൻജിനീയറിങ് അദ്ഭുതം)
ഇതിന് പരിഹാരം ഉണ്ടാവണമെങ്കിൽ, നമ്മൾ എന്ത് എവിടെ എങ്ങനെ കെട്ടണം എന്നും, നമ്മുടെ നഗരങ്ങളിലെ ഓടകൾ, തോടുകൾ, റോഡുകൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുകൾ എങ്ങനെ ശ്രദ്ധാപൂർവം പരിപാലിക്കണം എന്നും, ഒന്നുകൂടി പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ പഠിക്കുമ്പോൾ, കേരളം എന്ന ഭൂപ്രദേശത്തിന്റെ കിടപ്പും, ഭൂപ്രകൃതി, വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ, പ്രകൃതിദത്ത ജലസംഭരണവും ഒഴുക്കും, ജലശാസ്ത്രവും, കാലാവസ്ഥയും, ഈ ഭൂമിയിൽ സ്വാധീനം ചെലുത്തുന്ന വൈവിധ്യമാർന്ന വഴികളും നമ്മൾ നന്നായി പഠിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ രാഷ്ട്രീയ, ഉദ്യോഗസ്ഥ സമൂഹം ഇത് പഠിക്കുന്നുണ്ടെന്നും അതിനോട് സെൻസിറ്റീവ് ആയെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഈ കാര്യത്തിൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന എഞ്ചിനീയർമാർ നിർബന്ധമായും പരിസ്ഥിതി-കാലാവസ്ഥ സാക്ഷരരാണെന്നും ഉറപ്പാക്കേണ്ടതുണ്ട്. അതില്ലാത്തതിന്റ കുഴപ്പമാണ് ഇപ്പൊൾ നാം കണ്ടുകൊണ്ടിരിക്കുന്ന ദുരന്തം. ഒരു തിരുത്ത് സാധ്യമാണ്. അതിന് വലിയ വില കൊടുക്കേണ്ടിയും വരും. അല്ലാത്ത പക്ഷം കേരളം രക്ഷപ്പെടില്ലെന്നും ശ്രീധർ രാധാകൃഷ്ണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.