പ്രാര്‍ഥനനിഷേധം: കട്ടച്ചിറ വെള്ളാപ്പള്ളി കോളജിന് മുന്നില്‍  വിദ്യാര്‍ഥികള്‍ ജുമുഅ നമസ്കരിച്ചു

കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥന നിഷേധിച്ചതിനെതിരെ കോളജിന് മുന്നില്‍ ജുമുഅ നടത്തി പ്രതിഷേധം. മുസ്ലിം കുട്ടികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥനക്ക് അവസരം നല്‍കാമെന്ന മാനേജ്മെന്‍റിന്‍െറ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് വേറിട്ട സമരരീതിയുമായി കെ.എസ്.യു രംഗത്തുവന്നത്. വിദ്യാര്‍ഥിപീഡനം അവസാനിപ്പിക്കുക, മുസ്ലിം കുട്ടികള്‍ക്ക് പ്രാര്‍ഥനക്ക് അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. പ്രശ്നത്തില്‍ മാവേലിക്കര സി.ഐ ഓഫിസില്‍ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലുണ്ടായ ധാരണ പിന്നീട് അട്ടിമറിക്കപ്പെട്ടു. മാനേജിങ് കൗണ്‍സിലിന്‍െറ അനുമതിയോടെ പ്രാര്‍ഥനക്ക് അനുകൂല തീരുമാനം എടുക്കുമെന്നായിരുന്നു ഉറപ്പ്.

എന്നാല്‍, കോളജ് തുറന്നശേഷമുള്ള ആദ്യവെള്ളിയാഴ്ചതന്നെ കരാര്‍ ലംഘിക്കപ്പെട്ടു. പള്ളിയില്‍ വിടില്ളെന്ന് ഉച്ചക്ക് സര്‍ക്കുലര്‍ വായിച്ചതോടെ കോളജ് ഗേറ്റിന് മുന്നില്‍ നമസ്കാരസൗകര്യം ഒരുക്കാന്‍ കെ.എസ്.യു തീരുമാനിക്കുകയായിരുന്നു. ഇരിക്കാന്‍ ടാര്‍പ്പായ വിരിച്ചും പ്രസംഗപീഠത്തിന് പകരം കസേര ഇട്ടുമാണ് താല്‍ക്കാലിക പള്ളി ഒരുക്കിയത്. അംഗശുദ്ധിക്കായി വെള്ളവും എത്തിച്ചു. കോളജിലെ അറുപതോളം കുട്ടികള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ഉച്ചക്ക് 1.10ന് നടന്ന ഖുതുബക്കും നമസ്കാരത്തിനും കായംകുളം അലി അക്ബര്‍ മൗലവിയാണ് നേതൃത്വം നല്‍കിയത്. 
 


ഇതിനിടെ, മാനേജ്മെന്‍റ് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാനേജ്മെന്‍റിന്‍െറ പിണിയാളുകളായിനിന്ന് വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന ജീവനക്കാരെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. സര്‍വകലാശാലാ സമയത്തിന് മുമ്പും ശേഷവുമുള്ള ക്ളാസുകള്‍ പാടില്ളെന്ന തീരുമാനവും അട്ടിമറിക്കപ്പെടുന്നു. കോളജിലത്തെിയ യുവജന കമീഷനും ഈ വിഷയത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന കോളജില്‍ നടന്ന സമരം ഒറ്റരാത്രി കൊണ്ട് അവസാനിപ്പിക്കാന്‍ കാരണമായത് സി.പി.എം നേതാക്കളുടെ ഇടപെടലാണെന്ന ചര്‍ച്ച സജീവമാണ്. എസ്.എഫ്.ഐ പ്രഖ്യാപിച്ച കോളജ് മാര്‍ച്ചുവരെ ഒഴിവാക്കിയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ നേതാക്കള്‍ക്ക് പങ്കെടുക്കേണ്ടിവന്നത്. എന്നാല്‍, ഇവിടെയുണ്ടാക്കിയ ധാരണ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് വിദ്യാര്‍ഥികളുടെ ആശങ്കക്ക് കാരണം. 
കോളജിന് മുന്നില്‍ നടത്തുന്ന സമരത്തിനും നമസ്കാര സംഘാടനത്തിനും കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്‍റ് നൗഫല്‍ ചെമ്പകപ്പള്ളി, ഭാരവാഹികളായ നിതിന്‍ എ. പുതിയിടം, ജിന്‍സീര്‍ കണ്ണനാകുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    
News Summary - Sri Vellappally Natesan College of Engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.