ശ്രീനാഥ് ഭാസി 21ാം സാക്ഷി, ഷൈൻ ടോം ചാക്കോക്ക് ബന്ധമില്ല; ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രത്തിൽ 2000ത്തിലധികം പേജുകൾ

ആലപ്പുഴ: റിസോർട്ടിൽനിന്ന് രണ്ടുകോടി രൂപയുടെ മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ എക്സൈസ് അന്വേഷണസംഘം ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-രണ്ടിൽ കുറ്റപത്രം സമർപ്പിച്ചു.

നടൻ ശ്രീനാഥ് ഭാസിയെ 21ാം സാക്ഷിയാക്കിയപ്പോൾ മറ്റൊരു നടൻ ഷൈൻ ടോം ചാക്കോക്ക് കേസുമായി ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസെടുത്ത് രണ്ടുമാസം തികയുംമുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്.

2000ത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ 55 പേജുകളിലാണ് കുറ്റകൃത്യത്തെക്കുറിച്ച പരാമർശം. കഞ്ചാവുമായി പിടികൂടിയ തസ്ലീമ സുൽത്താന (ക്രിസ്റ്റീന-41), കൂട്ടാളി മണ്ണഞ്ചേരി സ്വദേശി ഫിറോസ് (26), തസ്ലീമയുടെ ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43) എന്നിവരെ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ പ്രതികളാക്കിയാണ് കുറ്റപത്രം. റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾ മാത്രമാണ് കുറ്റക്കാർ.

കേസിൽ 55 സാക്ഷികളുണ്ട്. 200ലധികം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയടക്കം ആറുപേർ കോടതിക്ക് മുന്നിൽ രഹസ്യമൊഴി നൽകിയതും കുറ്റപത്രത്തിൽ പറയുന്നു.

തസ്ലീമ-സുൽത്താൻ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളും സാക്ഷിപ്പട്ടികയിലുണ്ട്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് എക്സൈസിന്‍റെ ആവശ്യം. 200ലധികം ഡിജിറ്റൽ രേഖകളടക്കം വിശദമായ തെളിവുകളും സമർപ്പിച്ചു. സാധാരണ 60 ദിവസമാകുമ്പോൾ ജാമ്യം ലഭിക്കും. എന്നാൽ, അന്വേഷണസംഘത്തിന് 58ാം ദിവസം കുറ്റപത്രം നൽകാനായി.

Tags:    
News Summary - Sreenath Bhasi is the 21st witness, Shine Tom Chacko has no connection; Excise chargesheet in hybrid cannabis case has over 2000 pages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.