ചിക്ക്മഗളൂരു: വിനോദയാത്രക്കിടെ കർണാടകയിലെ ചിക്ക്മഗളൂരുവിൽ കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു. ശ്രീനന്ദയെ അവസാനമായി ഒരുനോക്ക് കാണാൻ നാടാകെ ഒഴുകി എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച രാവിലെയാണ് പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിൽ മൃതദേഹം എത്തിച്ചത്.
ബാബാബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിയെ കാണാതായത്. നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ 1500 അടി താഴ്ചയിൽ ഹർഷന ഗുപ്പെയിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്നുള്ള യാത്രാ സംഘത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 40 പേരായിരുന്നു ഉണ്ടായിരുന്നത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. പിന്നീടാണ് കാണാതാകുന്നത്. മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധൻഗിരി കുന്ന് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളിൽ പരിശോധന നടത്തിയത്. കുന്നിന്റെ 300 അടി താഴ്ചയിൽവരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ സങ്കടകരമായ വാർത്ത വരികയായിരുന്നു.
അതേസമയം, മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. തലയുടെ വലതുഭാഗത്തേറ്റ ഗുരുതര പരിക്കണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടിലുള്ളത്.
കുട്ടിയുടെ മരണത്തിൽ മാതാപിതാക്കളുൾപ്പെടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കർണാടക പൊലീസിനോപ്പം കേരളത്തിലെ പ്രത്യേക പൊലീസ് സംഘവും പങ്കുചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.