മലപ്പുറം: മലപ്പുറം ഡി.സി.സി ഓഫിസിന് മുന്നിൽ കോൺഗ്രസ് സ്ഥാപിച്ച ബോർഡിലെ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിൽ അജ്ഞാതർ സ്പ്രേ പെയിന്റ് അടിച്ചു. ‘നയിച്ചവൻ നായകൻ’ എന്ന തലക്കെട്ടോടെയുള്ള ഫ്ലക്സ് ബോർഡിലാണ് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചിത്രം സ്പ്രേ പെയിന്റ് ചെയ്തു വികൃതമാക്കിയത്.
‘കേരളത്തിന് ഇനി ജനകീയ സർക്കാർ’ എന്ന പേരിൽ സ്ഥാപിച്ച മറ്റൊരു ഫ്ലക്സ് ബോർഡിൽ സാദിഖലി തങ്ങൾ, വി.ഡി. സതീശൻ, കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർക്ക് ഒപ്പമുള്ള കെ.സി. വേണുഗോപാലിന്റെ ചിത്രവും സ്പ്രേ പെയിന്റ് അടിച്ച് നശിപ്പിച്ചു.
ഡി.സി.സി ഓഫിസ് പരിസരത്ത് ജില്ല കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ബോർഡുകളാണ് വെള്ളിയാഴ്ച രാത്രി നശിപ്പിക്കപ്പെട്ടത്. ചിത്രം നശിപ്പിക്കപ്പെട്ടതോടെ, ബോർഡുകൾ പാർട്ടി നേതൃത്വം ഇടപെട്ട് എടുത്തുമാറ്റി. അതേസമയം, ജനകീയ മുന്നണിയുടെയും മറ്റും പേരിൽ വി.ഡി. സതീശനെ പിന്തുണച്ചുള്ള ബോർഡുകൾ ഡി.സി.സി പരിസരത്തുണ്ട്.
മുഖ്യമന്ത്രിതർക്കത്തിൽ, ജില്ല കോൺഗ്രസ് കമ്മിറ്റിതന്നെ കെ.സിയെ പിന്തുണച്ച് ബോർഡ് സ്ഥാപിച്ചതാണ് എതിർവിഭാഗത്തെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. അറിയപ്പെടുന്ന കെ.സി പക്ഷ നേതാക്കളായ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാറും ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുമാണ് ഡി.സി.സിക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.