സ്വർണക്കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ട്. സ്പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സുരേന്ദ്രൻ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെ‌ടുപ്പെന്നും കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ എന്ന് കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കോണ്‍ഗ്രസിന് അഴിമതിയെ നേരിടാനുള്ള ത്രാണിയില്ല. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് അഴിമതിക്ക് ഉപയോഗിക്കുന്നതെന്നതില്‍ മുഖ്യ തെളിവാണ് പാലാരിവട്ടം പാലം. ഈ കേസ് നല്ല രീതിയിൽ അന്വേഷിച്ചാൽ കൂടുതൽ മുസ്ലീം ലീ​ഗ് നേതാക്കൾ അകത്താവും. ശതകോടി അഴിമതിയാണ് യു.ഡി.എഫ് എം.എൽ.എമാ‍ർ നടത്തിയത്. കഴിഞ്ഞ യുഡിഎഫ് സ‍ർക്കാരിന്‍റെ കാലത്ത് 14 മന്ത്രിമാർക്കെതിരെ ഉയ‍ർന്ന അഴിമതി ആരോപണങ്ങൾ എൽ.ഡി.എഫ് പൂഴ്ത്തി. അഴിമതി പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം പൂ‍ർണമായും പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷനേതാവടക്കം അഴിമതി ആരോപണം നേരിടുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.