തിരുവനന്തപുരം: കെ.കെ. രമയുടെ സത്യപ്രതിജ്ഞയില്‍ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ്. സത്യപ്രതിജ്ഞാ സമയത്ത് ടി.പി. ചന്ദ്രശേഖരെൻറ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായായിരുന്നു സ്പീക്കറുടെ പ്രതികരണം.
ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് സഭയുടെ കോഡ് ഒാഫ് കോൺഡക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണ്. പ്രത്യേക കക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രമയുടെ കത്ത് പരിശോധിച്ചുവരുന്നു.
ദേവികുളം എം.എല്‍.എ എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം തെറ്റിയത് സംബന്ധിച്ച് നിയമവകുപ്പിനോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് രമ ചോദിച്ചു. വസ്ത്രത്തിന്‍റെ ഭാഗമായാണ് താൻ ആ ബാഡ്ജ് ധരിച്ചത്. തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേ -രമ വ്യക്തമാക്കി. പിന്നാലെ, 'നെഞ്ചിലുണ്ടാവും, മരണം വരെ' എന്ന അടിക്കുറിപ്പോടെ സത്യപ്രതിജ്ഞാ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും രമ തന്‍റെ നിലപാട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.