സ്പായില്‍ പോയത് ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് പൊലീസുകാരന്‍റെ നാല്​ ലക്ഷം തട്ടിയ കേസ്: വ്യാജ പരാതി ഉന്നയിച്ച ജീവനക്കാരി അറസ്റ്റിൽ

കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി അറസ്റ്റിൽ. ചമ്പക്കരയിൽ നിന്നാണ് കേസിലെ മൂന്നാം പ്രതിയായ രമ്യയെ പാലാരിവട്ടം പൊലീസ് പിടികൂടിയത്. രണ്ടാംപ്രതിയും സ്പാ നടത്തിപ്പുകാരനുമായ കൊച്ചി സ്വദേശി ഷിഹാമിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ഒന്നാംപ്രതിയായ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. ബൈജുവിനെ (53) പിടികൂടാനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഞായറാഴ്ച സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എ.സി.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണറാണ് ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാരനില്‍ നിന്ന് കൈവശപ്പെടുത്തിയ നാല് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ തനിക്ക് ലഭിച്ചതായി ഷിഹാം സമ്മതിച്ചിരുന്നു.

സെപ്​റ്റംബറിലാണ് സംഭവമുണ്ടായത്. സ്പായില്‍ പോയി വന്ന പൊലീസുകാരനെ അവിടുത്തെ ജീവനക്കാരി രമ്യ ഫോണില്‍ വിളിച്ച് തന്റെ മാല മോഷണം പോയെന്നും ആറര ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. മാല എടുത്തിട്ടില്ലെന്ന് പൊലീസുകാരന്‍ പറഞ്ഞതോടെ രമ്യ പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിനിടെ രണ്ടാം പ്രതി ഷിഹാം പൊലീസുകാരനെ ഫോണില്‍ വിളിക്കുകയും സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവമറിഞ്ഞ എസ്‌.ഐ ബൈജു വിഷയത്തിലിടപെട്ട് നാല് ലക്ഷം രൂപ കൊടുത്ത് കേസ് ഒതുക്കിത്തീര്‍ക്കുകയുമായിരുന്നു. ഈ വിവരം സ്‌പെഷല്‍ ബ്രാഞ്ച് അറിഞ്ഞതോടെയാണ് പൊലീസുകാരന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. സംഭവം വിവാദമാകുകയും കേസ് എടുക്കുകയും ചെയ്തതോടെ എസ്‌.ഐയും സ്പാ ജീവനക്കാരിയും മുങ്ങുകയായിരുന്നു.

Tags:    
News Summary - Spa employee arrested for filing false complaint in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.