പറവൂർ: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ മകൻ അറസ്റ്റിൽ. പറവൂർ കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞ ാറുവശം കുറുപ്പശ്ശേരി പരേതനായ ഷൺമുഖെൻറ ഭാര്യ കാഞ്ചനവല്ലിയാണ് (72) കൊല്ലപ്പെട്ടത ്. സംഭവത്തിൽ ഇളയ മകൻ സുരേഷിനെ (51) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്കുശേഷം രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സമീപവാസികൾ വീടിന് സമീപത്തെ ചതുപ്പിൽ പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിയും തുടയുടെ ഭാഗവും കണ്ടത്. തുടർന്ന് നാട്ടുകാർ പറവൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്കുശേഷം പറവൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി അഞ്ചരയോടെ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജെൻറ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിക്കും. രണ്ടുമുറിയുള്ള ചെറിയ വീട്ടിൽ വീട്ടുപകരണങ്ങൾ ചിതറിയ നിലയിലായിരുന്നു. ഇതിനിടയിൽ മദ്യക്കുപ്പിയുമുണ്ടായിരുന്നു.
കെടാമംഗലം പുഴയോട് ചേർന്ന് ചതുപ്പായ കുറ്റിക്കാട്ടിലാണ് മൃതദേഹം കുഴിച്ചിട്ടത്. വേലിയേറ്റത്തിൽ വെള്ളം കയറി മൃതദേഹം പൊന്തിവന്നതാണെന്നാണ് നിഗമനം. ചതുപ്പിൽ കണ്ട മൃതദേഹം അമ്മയുടേതാണെന്നും തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നും സുരേഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പകലാണ് സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിെൻറ ദേഷ്യത്തിൽ പുറത്തുനിന്ന് കല്ല് കൊണ്ടുവന്ന് മുറിയിൽ കിടക്കുകയായിരുന്ന കാഞ്ചനവല്ലിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി മൃതദേഹം ചതുപ്പിൽ കുഴിച്ചു മൂടുകയായിരുന്നു. സംഭവശേഷം മദ്യപിച്ച് പല സ്ഥലങ്ങളിലായി കറങ്ങിനടക്കുകയായിരുന്ന സുരേഷിനെ തിങ്കളാഴ്ച വൈകീട്ട് പറവൂർ തെക്കേ നാലുവഴിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാൻ വീട്ടിലെ രക്തക്കറ കഴുകി കളഞ്ഞിരുന്നു. മൃതദേഹം കുഴിച്ചിട്ടശേഷം രാത്രി സമീപത്തെ വീട്ടിലെ പൈപ്പിൽനിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമെടുത്താണ് മുറികൾ കഴുകിയത്. എന്നാൽ, വെള്ളമെടുത്തത് അടുത്ത വീട്ടുകാരോട് ചോദിക്കാതെയായിരുന്നു. ഇതേതുടർന്ന് ഇവരുമായി തർക്കം നടന്നിരുന്നു.
വർഷങ്ങൾക്കുമുമ്പ് മൂകാംബിക ക്ഷേത്രത്തിന് സമീപം ലോട്ടറി വിൽപനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകൾ സുരേഷിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടിൽ പോകുന്നതിനാൽ ഇടക്കിടെ മാത്രമാണ് വീട്ടിലെത്തിയിരുന്നത്. മദ്യപാനിയായ സുരേഷ് വീട്ടിലെത്തിയാൽ പണം ആവശ്യപ്പെട്ട് അമ്മയെ മർദിക്കാറുണ്ട്. ഒരു മാസം മുമ്പ് അമ്മയുടെ ഒന്നര പവെൻറ മാല പൊട്ടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മർദനം സഹിക്കാനാവാതെ സുരേഷിെൻറ ഭാര്യയും രണ്ടു മക്കളും വാടകക്ക് മറ്റൊരിടത്താണ് താമസിക്കുന്നത്.
മത്സ്യക്കച്ചവടം നടത്തിയിരുന്ന കാഞ്ചനവല്ലി അടുത്തിടെ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. ഭർത്താവ് ഷൺമുഖൻ ആറുവർഷം മുമ്പാണ് മരിച്ചത്. കാഞ്ചനവല്ലിയുടെ മുത്തമകൻ മണിയനും കുടുംബവും കുഞ്ഞിത്തൈയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.