കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ നടപ്പാക്കിയ വെബ്കാസ്റ്റിങ് മൂലം ഉറക്കം നഷ്ടപ്പെട്ടത് പോളിങ് ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക്. 24 മണിക്കൂർ തുറന്നുവെച്ച കാമറക്കണ്ണുകൾക്കു മുന്നിൽ സമാധാനമായി ഉറങ്ങാനോ ഉറക്കത്തിൽ ഒന്നനങ്ങാനോ പറ്റാത്ത അവസ്ഥയിലായിരുന്നു ഭൂരിഭാഗം പേരും. ഇത്തവണ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടപ്പാക്കിയിരുന്നു.
വോട്ടിങ് നടക്കുന്ന ഹാളിന്‍റെ അകത്തും പുറത്തും ഓരോ കാമറകളാണ് സ്ഥാപിച്ചത്. ജില്ല ആസ്ഥാനത്ത് കൺട്രോൾ റൂമിലിരുന്ന് എല്ലാ കാമറകളിലെയും ദൃശ്യങ്ങൾ കാണാൻ കഴിയും. ഏതെങ്കിലും കാമറയുടെ പ്രവർത്തനം നിലച്ചാൽ ഉടൻ ബൂത്തിൽ ആളെത്തും. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് ഉച്ചമുതൽ തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരംവരെ സ്ത്രീകളടക്കം പോളിങ് ഉദ്യോഗസ്ഥർ കഴിഞ്ഞത് ഈ കാമറകൾക്കു മുന്നിലാണ്. എൽ.പി. സ്കൂൾ, കമ്യൂണിറ്റി ഹാൾ പോലുള്ള സ്ഥലങ്ങളിൽ നീളത്തിൽ ഒറ്റ മുറിയാണ് തെരഞ്ഞെടുപ്പിന് അനുവദിക്കപ്പെട്ടത്. ഇവിടെ ഉണ്ണുന്നതും ഉറങ്ങുന്നതും വസ്ത്രംമാറുന്നതുമെല്ലാം കാമറയുടെ മുന്നിൽ. മോഷൻ സെൻസറുള്ള കാമറയായതിനാൽ ഉറക്കത്തിലെ ചെറിയ അനക്കം പോലും കൃത്യമായി കണ്ടുപിടിച്ച് എൽ.ഇ.ഡി ലൈറ്റ് തെളിക്കും.
ചിലയിടങ്ങളിൽ ഓരോ ചലനങ്ങൾക്കും ‘സ്ട്രീമിങ്...സ്ട്രീമിങ്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഇതോടെ ഉറക്കം നഷ്ടപ്പെട്ടു. കാമറയുടെ പ്രവർത്തനം നിലച്ചതറിഞ്ഞ് ആളെത്തിയപ്പോഴാണ് പലരും തങ്ങൾ നിരീക്ഷിക്കപ്പെടുന്ന വിവരം അറിഞ്ഞത്. അതുവരെ പറഞ്ഞ നേരമ്പോക്കുകളോർത്ത് ഞെട്ടി ചിലർ. പോളിങ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഒറ്റ ഹാളിൽ തന്നെയായിരുന്നു അവരുടെയും കിടപ്പ്. വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങൾക്കും സമീപ വീടുകളെ ആശ്രയിച്ചു.
വെബ്കാസ്റ്റിങ് അനിവാര്യമാണെങ്കിലും തങ്ങളുടെ സ്വകാര്യത എന്ന അവകാശത്തെ മാനിക്കേണ്ടേ എന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി എം.ജി സർവകലാശാല സെനറ്റ് അംഗം ഡോ. എസ്. സജിത് ബാബു തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി. പോളിങ് ദിവസം രാവിലെ 5.30ന് മോക് പോൾ മുതൽ വെബ്കാസ്റ്റിങ് ആരംഭിക്കണമെന്ന നിർദേശമാണ് ഇദ്ദേഹം മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.