അഗളി: ശബരിമലയിൽ പോകാൻ ശ്രമം നടത്തിയതിനെത്തുടർന്ന് സംഘ്പരിവാർ പ്രവർത്തകരുടെ ആക്രമണത്തിനിരയായ ബിന്ദു തങ്കം കല്യാണിക്ക് പിന്തുണയുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സാമൂഹിക, സാംസ്കാരിക, മനുഷ്യാവകാശ പ്രവർത്തകർ അഗളിയിൽനിന്ന് ഗൂളിക്കടവ് ജങ്ഷനിലേക്ക് പ്രകടനം നടത്തി.
ദലിത്, മനുഷ്യാവകാശ പ്രവർത്തകൻ സണ്ണി എം. കപിക്കാട് സംസാരിച്ചു. നാമജപത്തെ സമരകാഹളമാക്കി വിശ്വാസികളെ സംഘ്പരിവാർ വഞ്ചിക്കുകയാെണന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഇല്ലാതാക്കുമെന്ന ഭീഷണി ഭയക്കുന്നില്ല. ആൾക്കൂട്ടത്തെ ഭയക്കുന്ന കാലം കടന്നുപോയി. നൂറ്റാണ്ടുകൾകൊണ്ട് ആർജിച്ച മാനവികത ഇല്ലാതാക്കി സംസ്ഥാനത്തെ ഒരു പതിറ്റാണ്ട് പിന്നോട്ടുതള്ളാനാണ് സമരക്കാരുടെ ശ്രമം- അദ്ദേഹം തുടർന്നു.
ശബരിമലയുടെ നടത്തിപ്പ് മലയരയന്മാരെ തിരിച്ചേൽപ്പിക്കണമെന്ന് ഡോ. പി. ഗീത ആവശ്യപ്പെട്ടു.മാണി പറമ്പോട്ട്, സി.എസ്. രാജേഷ് കുഴിയടിയിൽ, കെ. സഹദേവൻ, ജില്ല പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ, സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു. ബിന്ദു തങ്കം കല്യാണി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.