ഖരമാലിന്യ സംസ്കരണം: വീടുകളിൽ തന്നെ നാലായി തിരിക്കണമെന്ന് മാർഗനിർദേശം, ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കർശന വ്യവസ്ഥകളോടെ ഏപ്രിൽ ഒന്നുമുതൽ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രാബല്യത്തിൽവരും. വീടുകളിൽതന്നെ മാലിന്യം നാലായി തരംതിരിക്കണമെന്ന് ചട്ടത്തിൽ വ്യക്തമാക്കുന്നു. അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ ചട്ടങ്ങളും സുപ്രീംകോടതി വിധിയും നടപ്പാക്കാനാണ് സംസ്ഥാനം മാർഗനിർദേശം പുറപ്പെടുവിച്ചത്. മാലിന്യ സംസ്‌കരണ നടപടിക്രമത്തിന്‍റെയും പുരോഗതിയുടെയും മേൽനോട്ട ചുമതല ജില്ല കലക്ടർമാർക്കാണ്.

‘മലിനമാക്കുന്നവർ നഷ്ടപരിഹാരം നൽകണം’

മാലിന്യ സംസ്‌കരണത്തിൽ രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിക്കുക, തെറ്റായ റിപ്പോർട്ട് നൽകുക, വ്യാജ രേഖകൾ സമർപ്പിക്കുക, അശാസ്ത്രീയ സംസ്‌കരണ രീതികൾ എന്നിവക്ക് പിഴ ഈടാക്കും. ‘മലിനമാക്കുന്നവർ നഷ്ടപരിഹാരം നൽകണം’ എന്ന വ്യവസ്ഥ അനുസരിച്ചാണിത്. മലിനീകരണ നിയന്ത്രണ ബോർഡും പൊലീസ് ഉൾപ്പെടെ മലിനീകരണ നിയന്ത്രണ ഏജൻസികളാണ് പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കുക.

‘കർശന നിർദേശം വേണം’

മാലിന്യക്കൂമ്പാരങ്ങളും സുരക്ഷാ മാനദണ്ഡം പാലിക്കാത്ത നിക്ഷേപ കേന്ദ്രങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാൾ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടു. തദ്ദേശ സെക്രട്ടറിമാർ ഇതിനായി സമയ ആക്ഷൻപ്ലാൻ തയാറാക്കണം. തദ്ദേശ ജനപ്രതിനിധികൾ ഉറവിട മാലിന്യ സംസ്‌കരണത്തിൽ സഹായികളാകണം.

‘ഉറവിടത്തിൽ തന്നെ നാലാക്കണം’

ഇതുവരെ ജൈവ-അജൈവ എന്ന രീതിയിലാണ് മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്. ഇനി ഉറവിടത്തിൽതന്നെ ഖരമാലിന്യങ്ങളെ ഈർപ്പമുള്ള മാലിന്യം, വരണ്ട മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ തരംതിരിക്കണം. അടുക്കള മാലിന്യം ഉൾപ്പെടെ ഈർപ്പമുള്ളവ കമ്പോസ്റ്റിങ് വഴി സംസ്‌കരിക്കണം. വരണ്ട മാലിന്യം മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾക്ക് കൈമാറണം. സാനിറ്ററി മാലിന്യം പ്രത്യേകം പൊതിഞ്ഞ് കൈമാറണം. ‘പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ’ അംഗീകൃത ഏജൻസികളിലൂടെ ശേഖരിക്കണം.

Tags:    
News Summary - Solid Waste Management: Guideline to Segregate Waste into Four Categories at Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.