നെടുമ്പാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ എസ്.എൻ.ഡി.പി യോഗം എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്ത് ശാഖാ തല ഭാരവാഹികളെ പങ്കെടുപ്പിച്ച് നേതൃസംഗമം ചേരുന്നു.
ആദ്യ സംഗമം കോട്ടയത്ത് ശനിയാഴ്ച രാവിലെ 10ന് നടക്കും. തുടർന്ന് മറ്റ് 139 യൂനിയനുകളിലും നേതൃസംഗമം ചേരും. വെള്ളാപ്പള്ളി നടേശൻ നേതൃസ്ഥാനമേറ്റെടുത്ത ശേഷം എസ്.എൻ.ഡി.പിക്കുണ്ടായ നേട്ടങ്ങൾ അദ്ദേഹം വിവരിക്കും.
1996ൽ അധികാരമേൽക്കുമ്പോൾ 3882 ശാഖകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 6456 ശാഖകളുണ്ട്. യൂനിയനുകളുടെ എണ്ണം 58ൽ നിന്നും 140 ആയി. മൈക്രോ ഫിനാൻസ് ഉൾപ്പെടെ പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ ഇടപാടുകളും നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 42ൽ നിന്നും 132 ആയി ഉയർന്നു.
തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ ബി.ഡി.ജെ.എസ് എന്ന പാർട്ടിയുണ്ടെങ്കിലും ഇത് എസ്.എൻ.ഡി.പിയുടേതല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടും. എല്ലാ പാർട്ടികളിലും പ്രാതിനിധ്യമുണ്ടാക്കിയെടുക്കുക എന്ന പൊതുനിലപാടായിരിക്കും സ്വീകരിക്കുക. അടുത്ത എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തുഷാറിനെ ഉയർത്തിക്കാട്ടാനും നേതൃയോഗം ലക്ഷ്യമിടുന്നുണ്ട്.
വെള്ളാപ്പള്ളിക്കെതിരെ വിമതരായി രംഗത്തുവന്നവർ ചില ശാഖകളുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരാൻ ശ്രമിക്കുന്നുണ്ട്. ഇതിന് തടയിടാനും തന്റെ നേട്ടങ്ങൾ സമുദായ പ്രവർത്തകരിലേക്ക് എത്തിക്കുവാനും വെള്ളാപ്പള്ളി ലക്ഷ്യമിടുന്നു. അതേസമയം, മലപ്പുറത്തെ വിവാദ പ്രസംഗം പോലെ ഹൈന്ദവ വികാരം ശക്തമാക്കാനുള്ള അജണ്ട ഇതിന് പിന്നിലുണ്ടെന്ന് വിമത വിഭാഗം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.