എസ്.എൻ ഓപൺ സർവകലാശാല: അംഗീകാരമില്ലെങ്കിൽ മറ്റുള്ളവയെ പരിഗണിക്കണം -ഹൈകോടതി

കൊച്ചി: വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ ശ്രീനാരായണ ഓപൺ സർവകലാശാലക്ക് യു.ജി.സി അംഗീകാരം നൽകിയിട്ടില്ലെങ്കിൽ മറ്റ് സർവകലാശാലകൾക്ക് അതിനുള്ള അനുമതി നൽകണമെന്ന് ഹൈകോടതി. ചില കോഴ്സുകൾ നടത്താൻ മാത്രമാണ് നിലവിൽ അംഗീകാരമുള്ളതെങ്കിൽ ശേഷിക്കുന്ന കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ മറ്റ് സർവകലാശാലകളെ അനുവദിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

ശ്രീനാരായണ ഓപൺ സർവകലാശാലയല്ലാതെ മറ്റ് സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നത് തടഞ്ഞ് ജൂൺ ഒമ്പതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ ആഗസ്റ്റ് 23ന് രാവിലെ 11ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഹരജിക്കാരും യൂനിവേഴ്സിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി ഓപൺ സർവകലാശാല അധികൃതരടക്കമുള്ളവരുമായി സംസാരിച്ച് ആഗസ്റ്റ് 26നകം തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. തീരുമാനം ഹരജിക്കാരെ 24 മണിക്കൂറിനുള്ളിൽ അറിയിക്കണം.

വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ മറ്റ് സർവകലാശാലകളെ വിലക്കിയതോടെ വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പഠനം തുടരാനുള്ള അവസരം നിഷേധിക്കപ്പെട്ടതായി ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. യു.ജി.സി അനുമതിയില്ലാത്തതിനാൽ ഓപൺ സർവകലാശാല കോഴ്സുകളിൽ ചേരാനുമാവില്ല. വിദൂര പഠനരീതി കുത്തകവത്കരിക്കുന്നത് ശരിയല്ല. അതിനാൽ ഉത്തരവ് റദ്ദാക്കി എല്ലാ സർവകലാശാലകളെയും കോഴ്സുകൾ നടത്താൻ അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ ശ്രീനാരായണ ഓപൺ സർവകലാശാലക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് യു.ജി.സി അറിയിച്ചു. എന്നാൽ, അനുമതി ലഭിച്ചിട്ടുണ്ടെന്നായിരുന്നു സർവകലാശാലയുടെ വാദം. തുടർന്നാണ് യു.ജി.സി അനുമതിയുടെ കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.

Tags:    
News Summary - SN Open University: If not recognized, others should be considered - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.