തിരുവല്ല: സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരുന്ന വീട്ടുകിണറ്റിൽനിന്ന് വിഷ വാതകത്തിന്റേതിന് സമാനമായ രൂക്ഷ ഗന്ധം ഉയരുന്നതായി പരാതി. തിരുവല്ലയിലെ നിരണം പതിമൂന്നാം വാർഡിൽ തോട്ടടി പടിഞ്ഞാറേ പുരയ്ക്കൽ ട്യൂഷൻ അധ്യാപകനായ കെ. തമ്പിയുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിനാണ് രൂക്ഷ ഗന്ധം അനുഭവപ്പെടുന്നത്. ബുധനാഴ്ച വൈകീട്ട് ആണ് വെള്ളത്തിന് ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത് എന്ന് തമ്പിയുടെ ഭാര്യ ഫിലോമിന പറഞ്ഞു.
വൈകീട്ട് ആറുമണിയോടെ കുളിക്കുന്നതിനായി ബാത്റൂമിൽ കയറി ടാപ്പ് തുറന്നപ്പോഴാണ് വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് തമ്പിയെ വിളിച്ചു. ഇരുവരും ചേർന്ന് കിണറിന്റെ പരിസരവും മറ്റും പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇത് കണ്ട് സമീപവാസികളടക്കം അയൽവീടുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചുവെങ്കിലും ഗന്ധം ഒന്നും അനുഭവപ്പെട്ടില്ല. ജലവിതരണ വകുപ്പിന്റെ കണക്ഷൻ ഉണ്ടെങ്കിലും എപ്പോഴും വെള്ളം ലഭിക്കാറില്ല എന്ന് വീട്ടുകാർ പറഞ്ഞു.
പാചകത്തിനും മറ്റ് ഗാർഹിക ഉപയോഗങ്ങൾക്കും കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. വെള്ളം മോശമായതോടെ ടാപ്പിലൂടെ എത്തുന്ന വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. കുളിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും അയൽ വീടുകളാണ് ഇരുവർക്കും ആശ്രയം. ശക്തമായ കാറ്റ് ഉണ്ടാവുമ്പോൾ കിണറ്റിലെ വെള്ളത്തിൽ നിന്നും ഉയരുന്ന രൂക്ഷഗന്ധം മൂലം വീടിനുള്ളിൽ പോലും കഴിയാൻ വയ്യാത്ത സ്ഥിതിയാണെന്ന് ദമ്പതികൾ പറയുന്നു.
സംഭവം അറിഞ്ഞ് വാർഡ് മെമ്പർ ജോളി ജോർജ്, ആരോഗ്യ പ്രവർത്തകർ എന്നിവർ വ്യാഴാഴ്ച രാവിലെ എത്തിയിരുന്നു. കിണറിലെ വെള്ളത്തിൻറെ സാമ്പിൾ ശേഖരിച്ചതായും ഇത് വിദഗ്ധ പരിശോധനയ്ക്കായി അയക്കുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.