ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകളും സ്വർണവും പണവും ഹാർഡ് ഡിസ്‌കും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. എട്ടുമണിക്കൂറിലധികം നീണ്ട പരിശോധനയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വിവിധ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും സംഘം പരിശോധിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിയ എത്തിയ സംഘം അർദ്ധരാത്രിയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വ്യാപകമായി വട്ടി പലിശ ഇടപാടുകൾ നടത്തിയിരുന്ന ഇയാൾ നിരവധിപേരുടെ ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെയും അമ്മയുടെയും സഹോദരി ഭർത്താവിന്റെയുമെല്ലാം പേരുകളിൽ ഇയാൾ ഭൂമി എഴുതിവാങ്ങിയിരുന്നുവെന്നാണ് നിഗമനം.
തിരുവനന്തപുരം കേന്ദ്രീകരിച്ച് മുൻ ദേവസ്വം കരാറുകാരനായിരുന്നയാളെ ദല്ലാളാക്കിയായിരുന്നു പോറ്റിയുടെ ഇടപാടുകൾ. 2023ന് ശേഷം ഇയാൾക്കുണ്ടായ അഭൂതപൂർവമായ സാമ്പത്തിക വളർച്ചയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്തവ തങ്ങൾ ഉപയോഗിക്കുന്ന സ്വർണാഭരങ്ങളാണെന്നാണ് കുടുംബം പറയുന്നത്. ഇതിനിടെ, പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്.
തട്ടിപ്പിനെ കൂട്ടുനിന്ന് അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബുവിനെ വൈകാതെ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കൽപേഷ് എന്നയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ പ്രതിപ്പട്ടിയിൽ വരാതിരുന്ന സ്മാർട്ട് ക്രിയേഷൻസിനെയും പ്രതിപ്പട്ടികയിൽ ചേർക്കും. ഇവിടെ വെച്ചാണ് സ്വർണം വേർതിരിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
ശബരിമലയിലെ സ്വര്‍ണം കവരാനുള്ള ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ഉന്നതരടക്കം പതിനഞ്ചോളം പേരുണ്ടെന്ന് ശനിയാഴ്ച നടന്ന ചോദ്യചെയ്യലിൽ ഉണ്ണികൃഷ്ണന്‍പോറ്റി വെളിപ്പെടുത്തിയിരുന്നു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദുമടക്കം കേരളത്തിനകത്തും പുറത്തും ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണസംഘത്തോട് പോറ്റി പറഞ്ഞതായാണ് വിവരം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണത്തില്‍നിന്ന് തനിക്ക് ലാഭമൊന്നും കിട്ടിയില്ലെന്നാണ് പോറ്റി പറയുന്നത്. തന്നെ ഉപകരണമാക്കി പലരും സ്വര്‍ണത്തിന്റെ ഗുണം പറ്റിയെന്നു പറയുന്നത് ഇരവാദമുയര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും വെളിപ്പെടുത്തിയ പേരുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
നേരത്തേ പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞ കാര്യങ്ങള്‍ തട്ടിപ്പിനുകൂട്ടുനിന്നവര്‍ പറഞ്ഞതനുസരിച്ചായിരുന്നെന്നും വ്യക്തമായി. ഇവര്‍തന്നെ നല്‍കിയ വിമാനടിക്കറ്റുപയോഗിച്ച് ബെംഗളൂരുവില്‍ പോറ്റി എത്തുകയും ചെയ്തിരുന്നു. ചെമ്പുപാളിയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ സംബന്ധിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.