ചെറുതോണി: ചുമതലയേറ്റ് വെറും രണ്ടുദിവസം പിന്നിടുമ്പോഴേക്കും ഒരു ജീവൻ രക്ഷിച്ച സന്തോഷത്തിലും സംതൃപ്തിയിലുമാണ് ഇടുക്കി എസ്.ഐ ബിബിൻ. കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച തടിയമ്പാട് സ്വദേശി ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ.
തടിയമ്പാട് കാർത്യായനി കവലയിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പരിഭ്രാന്തയായ ഭാര്യ ഉടൻ പൊലീസ് എമർജൻസി നമ്പറായ 112ൽ വിളിച്ച് വിവരം അറിയിച്ചു. സന്ദേശം ലഭിച്ചയുടൻ ഇടുക്കി എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
പൊലീസിനെ കണ്ടതോടെ ഭയന്ന ഇയാൾ വീടിന്റെ മുറിക്കുള്ളിൽ കയറി കതകടക്കുകയും കഴുത്തിൽ കയർ കുരുക്കി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് കതക് ചവിട്ടിപ്പൊളിക്കാതെ അതീവ ക്ഷമയോടെയും തന്മയത്വത്തോടെയും എസ്.ഐ ബിബിൻ ഗൃഹനാഥനോട് സംസാരിക്കാൻ തുടങ്ങി.
‘ചേട്ടാ, നിങ്ങളുടെ മകനാണ് ഞാൻ എന്ന് കരുതി പറയുന്നു, നിങ്ങൾ താഴെയിറങ്ങ്’ എന്ന എസ്.ഐയുടെ സ്നേഹനിർഭരമായ വാക്കുകൾക്കുമുന്നിൽ ഇയാൾ കീഴടങ്ങി വാതിൽ തുറന്ന് പുറത്തിറങ്ങി. താഴെയിറങ്ങിയ ഗൃഹനാഥനെ ആശ്വസിപ്പിച്ച പൊലീസ്, കുടുംബത്തിലെ തർക്കങ്ങളും പ്രശ്നങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. വീട്ടുകാരുമായി സംസാരിച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ആവശ്യമായ കൗൺസലിങ് നൽകുകയും ചെയ്ത ശേഷമാണ് അവിടെനിന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.