മലയാളം സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം രണ്ടാഴ്ച പിന്നിടുന്നു

മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനി അനഘ ശശിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക് കടന്നു.

ജാതിവിവേചന പരാതിയിൽ പട്ടികജാതി-പട്ടികവർഗ (SC/ST) അതിക്രമങ്ങൾ തടയൽ നിയമപ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള സർവകലാശാല അധ്യാപകരായ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെ അറസ്റ്റ് നടപടി സ്വീകരിക്കുക, അനഘയുടെ ഡോക്ടറൽ കമ്മിറ്റി ഉടൻ ചേരുക, ഗവേഷണത്തിനാവശ്യമായ ലാബ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുക, ഈ ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലമുള്ള ഉറപ്പ് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനഘ സമരം തുടരുന്നത്.

സംസ്ഥാന പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ.എ. തുളസി ഇന്നലെ അനഘയുമായി ഫോണിൽ സംസാരിച്ചു. സമരം അവസാനിപ്പിച്ചതായുള്ള വാർത്തകൾ വ്യാജമാണെന്നും, തന്റെ ആവശ്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും അനഘ മന്ത്രിയെ അറിയിച്ചു.

അനഘയുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് സർവകലാശാല പുറത്തിറക്കിയതിനെ തുടർന്ന് അനഘ സമരം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

നിലവിൽ അനഘ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് ഭാഗികമായി നിറവേറ്റപ്പെട്ടിട്ടുള്ളത് -വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് നൽകുക എന്നത്. ബാക്കി ആവശ്യങ്ങൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണ്.

സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഐക്യദാർഢ്യ-സഹായ സമിതി രൂപീകരിക്കുന്നതിനുള്ള യോഗം ആഗസ്റ്റ് 31ന് മുമ്പ് തിരൂരിൽ ചേരാൻ സമര സമിതി തീരുമാനിച്ചു. സമരത്തെ ഇതുവരെ പിന്തുണച്ച എല്ലാ സംഘടനകളോടും വ്യക്തികളോടും യോഗത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സമര സമിതി അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.