മാടാക്കര പള്ളിയിലെ പൊലീസ് നടപടി; എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

വടകര: വടകര മാടാക്കര പള്ളിയിലെ സംഘർഷത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ചോമ്പാല സ്റ്റേഷനിലെ എസ്.ഐ ഷമീൽ ഉൾപ്പെടെയുള്ള അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റാൻ ഉത്തരമേഖലാ ഡി.ഐ.ജി നിർദേശം നൽകി.

കോഴിക്കോട് റൂറൽ പൊലീസിലെ ജില്ലാ ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റിയത്. എ.എസ്.ഐമാരായ മനോജ് കുമാർ, മനോജൻ സി.പി.ഒമാരായ പ്രവീൺകുമാർ, അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ് സ്ഥലംമാറ്റ ഉത്തരവിറക്കി കൊണ്ട് നടപടി പൂർത്തിയാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാടാക്കര പള്ളിയിൽ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ബൂട്ട് ധരിച്ച് പള്ളിക്കകത്ത് കയറിയ പൊലീസ് സംഘം ലാത്തി വീശിയാണ് സംഘർഷം പിരിച്ചുവിട്ടത്. വര്‍ഷങ്ങളായി പള്ളിയുമായി ബന്ധപെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

അടുത്തിടെ പാണക്കാട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ നബിദിനവുമായി ബന്ധപെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തിയെന്നാരോപിച്ച് ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ എതിര്‍ വിഭാഗം സംഘടിക്കുകയും വാക്കേറ്റമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

പിന്നീട് സംഘര്‍ഷ സാധ്യത പരിഗണിച്ച് ചോമ്പാല പൊലീസ് സ്റ്റേഷനില്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ച് വരുത്തി ചര്‍ച്ച കൂടിയിട്ടുണ്ടായിരുന്നു. തുടർന്ന് രാത്രിയോടെ പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് മഹല്ല് കമ്മിറ്റി ചോമ്പാല പൊലീസില്‍ വിവരം അറിയിക്കുകയും പള്ളിക്കുള്ളില്‍ കയറി ലാത്തി വീശുകയുമായിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലം മാറ്റിയുള്ള ഉത്തരവ് വന്നത്.

അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോയേന്റവിട സമീർ, ഇസ്മാഈൽ താഹിറ മൻസിൽ, മുഹമ്മദ് ഷാനുൽ, ഇസ്മാഈൽ കാഞ്ഞിരാട്ട് തുടങ്ങിയവർക്കെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്.

Tags:    
News Summary - Transfer of Police Officers, Including SI, Over Madakkara Mosque Incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.