ബി.എൽ.ഒയുടെ ആത്മഹത്യ: തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്.ഐ.ആർ നിർത്തിവെക്കണം -വെൽഫെയർ പാർട്ടി

കോഴിക്കോട്: എസ്.ഐ.ആറിലെ അമിത ജോലി ഭാരം മൂലം പയ്യന്നൂരിലെ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത് നിർഭാഗ്യകരമായെന്നും സംഭവത്തിൽ പ്രതി തെഞ്ഞെടുപ്പ് കമ്മീഷനാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്.ഐ.ആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട്.

അമിത ജോലി ഭാരം മൂലമാണ് അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ എന്യൂമറേഷൻ ജോലികൾ പൂർത്തീകരിക്കാൻ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ജില്ല കലക്ടർമാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ദിവസത്തിനകം ജോലി പൂർത്തീകരിക്കണമെന്ന് ബി.എൽ.ഒമാർക്ക് ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുകയാണ്. 

നൂറുകണക്കിന് വീടുകൾ കയറി ആയിരക്കണക്കിന് വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് ശേഷം വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യുന്ന ജോലികൾ ചെയ്യാൻ ബി.എൽ.ഒമാർക്ക് മതിയായ സമയം ലഭിക്കേണ്ടതുണ്ട്. ബി.എൽ.ഒമാർക്ക് തങ്ങളുടെ ജോലിത്തിരക്കുകൾക്കിടയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ചാർജുകൾ കൂടി നിർവഹിക്കാനുണ്ട്. അതിനിടയിൽ എസ്.ഐ.ആറിന്റെ അമിത ജോലി ഭാരം കൂടി വരുന്നത് മനുഷ്യസാധ്യമായ കാര്യമല്ല.

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതും പരിശോധിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് സാധാരണ രാഷ്ട്രീയ പാർട്ടികൾ നേതൃത്വം നൽകാറുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ പാർട്ടികൾക്കും എസ്.ഐ.ആറിൽ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് ജോലികൾക്കിടയിൽ ബി.എൽ.ഒമാർ എസ്.ഐ.ആറിൻ്റെ പണികൾ കൂടി ചെയ്യുന്നതിന്റെ പ്രയാസത്തെക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാത്തിനും മതിയായ ഉദ്യോഗസ്ഥരുണ്ട്, പരാതികൾ ഇല്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം തെറ്റാണെന്നാണ് അനീഷ് ജോർജിന്റെ സംഭവമടക്കം തെളിയിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ എസ്.ഐ.ആർ നിർത്തിവെക്കാൻ കമ്മീഷൻ തയ്യാറാകുന്നില്ലെങ്കിൽ വെൽഫെയർ പാർട്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.

Tags:    
News Summary - SIR should be suspended until the local body elections are over says Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.