എസ്.ഐ.ആർ വിവരശേഖരണം; ബി.എൽ.ഒമാർ ഇന്നുമുതൽ വീടുകളിലേക്ക്

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) ഭാഗമായ എന്യൂമറേഷൻ ഫോമുകളുമായി ബി.എൽ.ഒമാർ ചൊവ്വാഴ്ച മുതൽ വീടുകളിലേക്ക്. 2025 ഒക്ടോബർ 27 വരെ വോട്ടർപട്ടികയിലുള്ള എല്ലാവർക്കും വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്യും. സംസ്ഥാനത്ത് ഇത്തരത്തിൽ 2.78 കോടി പേരാണ് പട്ടികയിലുള്ളത്. ഇവരെല്ലാം എന്യൂമറേഷൻ ഫോം ഒപ്പിട്ട് നൽകണം. നവംബർ നാലുമുതൽ ഡിസംബർ നാലുവരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും നടക്കുക. ഫോമുകൾ പൂരിപ്പിച്ച് നൽകുന്നതിനൊപ്പം രസീതും കൈമാറും.

ക്യൂ.ആർ കോഡും ഫോട്ടോ ഒട്ടിക്കാനുള്ള സൗകര്യവുമുള്ള ഫോമുകളാണ് നൽകുക. അതേസമയം, ഫോട്ടോ ഒട്ടിക്കൽ നിർബന്ധമല്ല. ഡിസംബർ നാലുവരെ വിവരശേഖരണം മാത്രമാണ് നടക്കുക. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നുമുണ്ടാകില്ല. എന്യൂമറേഷൻ ഫോം തിരികെ നൽകിയ എല്ലാവരെയും കരട് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർ പരിശോധനയും. വിദേശത്തുള്ളവർക്കായി അവരുടെ ഫോമിൽ അടുത്ത ബന്ധുക്കൾക്ക് ഒപ്പിട്ടു നൽകാം.

2002ലെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് എസ്.ഐ.ആർ നടപടികൾ നടക്കുക. 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവർ എന്യൂമറേഷൻ ഫോമിൽ ഒപ്പിട്ട് നൽകിയാൽ മാത്രം മതി. മറ്റ് രേഖകൾ സമർപ്പിക്കേണ്ടതില്ല. 2025ലെ പട്ടികയിൽ ഉൾപ്പെട്ടവരും 2002ലെ പട്ടികയിൽ ഉൾപ്പെടാത്തവരുമായവർ മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ മറ്റ് രേഖകൾ സമർപ്പിക്കേണ്ട. ഫോമിൽ ഇക്കാര്യം സൂചിപ്പിക്കണം. മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ ഫോമിൽ ചേർക്കുകയും വേണം.

അപേക്ഷകനോ മാതാപിതാക്കളോ 2002ലെ പട്ടികയിൽ ഇല്ലാത്തവരുടെ കാര്യത്തിലാണ് കമീഷൻ നിഷ്കർഷിച്ച 12 രേഖകളിലൊന്ന് സമർപ്പിക്കേണ്ടി വരിക. ഇത്തരത്തിൽ പേരില്ലാത്തവർക്ക് ജനനതീയതി മാനദണ്ഡമാക്കി സമർപ്പിക്കേണ്ട രേഖകൾ കമീഷൻ നിഷ്കർഷിച്ചിട്ടുണ്ട്. വീടുകൾ കയറിയുള്ള വിവരശേഖരണ ഘട്ടത്തിൽ രേഖകൾ നൽകേണ്ടതില്ല. പിന്നീട് നോട്ടീസ് ലഭിക്കുന്ന മുറക്ക് ഹാജരാക്കിയാൽ മതി.

1200 വോട്ടർമാർക്ക് ഒരു ബി.എൽ.ഒ എന്ന നിലയിലാകും ക്രമീകരണം. ഇത് കണക്കാക്കി 6,300 ഓളം പുതിയ ബി.എൽ.ഒമാരെ അധികമായി നിയമിക്കേണ്ടതുണ്ട്. ഇവരുടെ നിയമനം പുരോഗമിക്കുകയാണ്. നിലവിലെ ബി.എൽ.ഒമാരുടെ എണ്ണം നിലവിൽ 25,000 എന്നത് 32,000 ആയി ഉയരും. 

Tags:    
News Summary - SIR data collection; BLOs to go to homes from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.