കൊച്ചി/തൃശൂർ: അക്രമരാഷ്ട്രീയത്തിെൻറ തീരാവേദനയും അതിജീവനത്തിെൻറ ആർജവവും സ് വജീവിതം കൊണ്ട് ഒാരോ നിമിഷവും മലയാളിെയ ഒാർമിപ്പിച്ച സൈമൺ ബ്രിട്ടോക്ക് വിട. സി.പി.എ ം നേതാവും മുൻ എം.എൽ.എയുമായ സൈമൺ ബ്രിട്ടോയുടെ അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് തിങ്ക ളാഴ്ച വൈകീട്ട് ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. 64 വയസ്സായിരുന്നു.
യാത്രാവിവരണ പുസ്തക രചനയുമായി ബന്ധപ്പെട്ട് ക്രിസ്മസ് ദിനം മുതൽ തൃശൂർ പി.ഡബ്ല്യു.ഡി െറസ്റ്റ്ഹൗസിലായിരുന്നു താമസം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വൈകീട്ട് 5.45ഓടെയാണ് ആശുപത്രിയിലെത്തിച്ചത്. ഭാര്യ: സീനാ ഭാസ്കർ. മകൾ: കയീനില (നിലാവ്). കലാലയ രാഷ്ട്രീയത്തിെൻറ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോയുടെ ജീവിതം മൂന്നരപ്പതിറ്റാണ്ടിലധികമായി വീൽചെയറിലായിരുന്നു. അപ്പോഴും അതിജീവനത്തിെൻറ സമാനതകളില്ലാത്ത പ്രതീകമായി സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു.
1983 ഒക്ടോബർ നാലിന് എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ-കെ.എസ്.യു സംഘട്ടനത്തിൽ പരിക്കേറ്റ എസ്.എഫ്.െഎ പ്രവർത്തകരെ കാണാനെത്തിയപ്പോഴാണ് ബ്രിട്ടോയെ കെ.എസ്.യുക്കാർ മുതുകിൽ കുത്തിവീഴ്ത്തിയത്. എസ്.എഫ്.െഎ സംസ്ഥാന വൈസ് പ്രസിഡൻറും എറണാകുളം ലോ കോളജ് വിദ്യാർഥിയുമായിരുന്നു അന്ന് ബ്രിട്ടോ. നെട്ടല്ലിനും കരളിനും ഹൃദയത്തിനും ശ്വാസകോശത്തിനും മാരക പരിക്കേറ്റ ബ്രിട്ടോയുടെ അരക്കുതാഴെ തളർന്നു.
എസ്.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീനാ ഭാസ്കർ പിന്നീട് ബ്രിട്ടോയുടെ ജീവിതസഖിയായി. എറണാകുളം പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സ്-ഇറിൻ റോഡ്രിഗ്സ് ദമ്പതികളുടെ മകനായി 1954 മാർച്ച് 27നാണ് ബ്രിട്ടോ ജനിച്ചത്. 2006-2011 കാലത്ത് കേരള നിയമസഭയിൽ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയായിരുന്നു. 2015ൽ 138 ദിവസം കൊണ്ട് ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. ‘അഗ്രഗാമി’, ‘മഹാരന്ധ്രം’ എന്നീ നോവലുകൾ എഴുതിയിട്ടുണ്ട്. ‘അഗ്രഗാമി’ക്ക് പാട്യം ഗോപാലൻ അവാർഡും 2003ൽ അബൂദബി ശക്തി അവാർഡും ലഭിച്ചിട്ടുണ്ട്.
സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പച്ചാളം ശ്മശാനത്തിൽ. മൃതദേഹം രാവിലെ ഒമ്പതു മുതൽ 11 വരെ വടുതലയിലെ വസതിയിലും തുടർന്ന് എറണാകുളം ടൗൺഹാളിലും പൊതുദർശനത്തിനു വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.