സിൽവർ ലൈൻ അശാസ്ത്രീയം; പദ്ധതിയെ രൂക്ഷമായി എതിർത്ത് സെമിനാർ

തിരുവനന്തപുരം: നിർദിഷ്ട സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയവും അനാവശ്യവുമാണെന്ന് സാമൂഹിക പ്രവർത്തകൻ ജോസഫ് സി. മാത്യു. വരേണ്യവർഗത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയാണിത്. ഇത്തരത്തിലുള്ള പദ്ധതികൾ കണ്ടുപഠിക്കാൻ വേണ്ടിയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയെ ഗുജറാത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പരിഹസിച്ചു. സിൽവർ ലൈനിന്റെ പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ മൂവ്മെന്റ് ഫോർ പീപ്ൾസ് ഫ്രണ്ട്‌ലി ഡെവലപ്മെന്റ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം കെ.കെ. രമയെ കാണാൻ വി.എസ്. അച്യുതാനന്ദൻ പോയതുപോലെയാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയുടെ കാമ്പയിൻ മെറ്റീരിയൽ എന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം. യു.എസ് പ്രസിഡന്റായിരിക്കെ ട്രംപ് ഗുജറാത്തിലെത്തിയപ്പോൾ ചേരികളെ ഒളിപ്പിക്കാൻ നിർമിച്ച ഒരു മതിൽ അവിടെയുണ്ട്. അതുകൂടി കണ്ടിട്ടുവേണം ചീഫ് സെക്രട്ടറി മടങ്ങേണ്ടത്. സിൽവർ ലൈനിനായി കുടിയിറക്കപ്പെടുന്നവരെ പാർപ്പിക്കേണ്ട ഒരുസമയം ഇവിടെയും വന്നുചേരും. സിൽവർ ലൈൻ ആദ്യം തകർക്കാൻ പോകുന്നത് കെ.എസ്.ആർ.ടി.സിയെ ആണെന്നും അദ്ദേഹം പറഞ്ഞു.

വിശദപഠനം നടത്താതെയാണ് പദ്ധതിയുടെ ഡി.പി.ആർ തയാറാക്കിയതെന്നും പരിസ്ഥിതി വിഷയത്തിൽ ഉപരിപ്ലവമായ പഠനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്നും സെമിനാർ ഉദ്ഘാടനം ചെയ്ത ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജിയോളജിസ്‌റ്റ് ഡോ.സി.പി. രാജേന്ദ്രൻ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ കരിങ്കല്ല് അടക്കം അസംസ്‌കൃത വസ്തുക്കൾ എവിടെനിന്ന് കണ്ടെത്തുമെന്നും ബഫർ സോൺ സംബന്ധിച്ചും വ്യക്തതയില്ല. ബൃഹത്തായ പദ്ധതികൾ കൊണ്ടുവരുമ്പോൾ ഭൂപ്രകൃതിയും ജനസാന്ദ്രതയും കണക്കിലെടുക്കണം. പദ്ധതി പ്രദേശത്ത് വേലിയല്ല, മതിൽതന്നെ പണിയേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡി.പി.ആറിലെ റിപ്പോർട്ടിൽ കെ-റെയിൽ കള്ളക്കണക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി മുൻ അധ്യക്ഷ ഡോ.കെ.ജി. താര പറഞ്ഞു. വാഹനാപകട നിരക്ക് കൂടുതലായതിനാലാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് പറയുന്നത്. മരണനിരക്ക് കുറക്കാൻ 64,000 കോടിയുടെ കടക്കാരാകേണ്ടതുണ്ടോയെന്നും അവർ ചോദിച്ചു. മാധ്യമ പ്രവർത്തക എം. സുചിത്ര, സാമ്പത്തിക വിദഗ്ധൻ എം. കബീർ, പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ, സാമൂഹിക ചിന്തകൻ പ്രഫ. ശിവപ്രസാദ് എന്നിവരും സംസാരിച്ചു

Tags:    
News Summary - Silver Line Unscientific; The plan was sharpened Opposition Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.