സിൽവർ ലൈൻ: സാമൂഹികാഘാത പഠനം ബഫർസോണിലും

കോട്ടയം: സിൽവർ ലൈൻ പാതക്കായി നടത്തുന്ന സാമൂഹികാഘാത പഠനം ബഫർസോണിലും. അലൈൻമെന്‍റ് കടന്നുപോകുന്ന പാതയിലെ വീടുകൾ മാത്രമല്ല, ഇരുവശത്തുമുള്ള കുടുംബങ്ങളെകൂടി ഉൾപ്പെടുത്തിയാണ് ആദ്യം മുതൽ സർവേ പുരോഗമിക്കുന്നത്. കേരള വളന്‍ററി ഹെൽത്ത് സർവിസസ് (കെ.വി.എച്ച്.എസ്) തയാറാക്കിയ ചോദ്യാവലിയിലാണ് അലൈൻമെന്‍റിനകത്തും പുറത്തും ഉള്ളവർക്ക് പ്രത്യേക വിഭാഗം ഉൾപ്പെടുത്തിയത്.

പാതയുടെ ഇരുവശത്തും 10 മീറ്ററാണ് ബഫർസോൺ. ബഫർസോണിലെ സ്ഥലങ്ങൾ കെ-റെയിൽ ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യുന്നില്ല. ബഫർസോൺ എന്ന് ചോദ്യാവലിയിൽ ഉപയോഗിക്കുന്നില്ലെങ്കിലും പാതയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങൾകൂടി കെ.വി.എച്ച്.എസിന്‍റെ പഠനത്തിന്‍റെ പരിധിയിൽ വരുന്നുണ്ട്. അലൈൻമെന്‍റിൽ ഉള്ളവരെ മാത്രമല്ല, അതിനു പുറത്തുള്ളവരെയും പാത വരുന്നത് ബാധിക്കാം. അതുകൊണ്ടാണ് അവരെകൂടി കേൾക്കുന്നതെന്ന് കെ.വി.എച്ച്.എസ് എക്സിക്യൂട്ടിവ് ഓഫിസർ സാജു വി. ഇട്ടി പറഞ്ഞു. നിലവിലെ അലൈൻമെന്‍റിലൂടെ ഓരോ 100 മീറ്ററിലുമാണ് കല്ലുകൾ സ്ഥാപിക്കുന്നത്.

ആദ്യത്തെ 100 മീറ്ററിൽ ഇടത്തും വലത്തുമായി രണ്ട് കല്ലിടും. അടുത്ത 100 മീറ്ററിൽ മധ്യത്തിൽ ഒരുകല്ല് വീതം ഇടും. രണ്ടുകല്ലിന്‍റെയും വീതി പല രീതിയിലാണ്. പാലം വരുന്നിടത്ത് 15 മീറ്റർ, വയഡക്ട് വരുന്നിടത്ത് 20 മീറ്റർ, കട്ട് ആൻഡ് കവർ വരുന്നിടത്ത് 25 മീറ്റർ. പലയിടത്തും പ്രതിഷേധം മൂലം കല്ലിടൽ വൈകുന്നതിനാൽ സാമൂഹികാഘാത പഠനം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങുകയാണ് കെ.വി.എച്ച്.എസ്. കാസർകോട്, കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ചുജില്ലയിലാണ് കെ.വി.എച്ച്.എസ് സാമൂഹികാഘാത പഠനം നടത്തുന്നത്.

ഏപ്രിൽ 10 വരെയായിരുന്നു കാലാവധി. കാസർകോട് 51 കി.മീറ്ററിലാണ് പഠനം നടത്തേണ്ടത്. ഇതിൽ 41 കി.മീറ്ററിൽ പൂർത്തിയായി. കണ്ണൂരിൽ 61കി.മീറ്ററിൽ 30 കി.മീറ്ററും കൊല്ലത്ത് 41ൽ 13 കി.മീറ്ററും പൂർത്തിയാക്കാനായി. തിരുവനന്തപുരത്ത് 42ൽ നാലു കി.മീറ്റർ മാത്രം പൂർത്തിയായപ്പോൾ തൃശൂരിൽ സർവേ തുടങ്ങിയിട്ടില്ല. 60 കി.മീറ്ററിലാണ് തൃശൂരിൽ പഠനം നടത്തേണ്ടത്. 24 വില്ലേജാണ് പഠനപരിധിയിൽ വരുന്നത്. ഇവിടെ കല്ലിടൽ തുടങ്ങിയിട്ടേയുള്ളൂ. അതേസമയം, ജനകീയപ്രതിഷേധം മൂലം സാമൂഹികാഘാത പഠനത്തിന് തടസ്സം നേരിട്ടിട്ടില്ലെന്ന് സാജു വി. ഇട്ടി വ്യക്തമാക്കി. സർവേയുമായി ഭൂരിഭാഗം ജനങ്ങളും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    
News Summary - Silver Line: Social Impact Studies in the Buffer Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.