വായ മൂടിക്കെട്ടിയോ? മാധ്യമങ്ങൾ കാത്തുനിന്നു, ഓപറേഷൻ നുംഖോറിൽ ഒന്നും മിണ്ടാതെ നടന്നകന്ന് കസ്റ്റംസ് കമീഷണർ

കൊച്ചി: ഓപറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾക്ക് കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ നടന്നകന്ന് കസ്റ്റംസ് കമീഷണർ ടിജു തോമസ്. കഴിഞ്ഞ ദിവസം നടപടികളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനം ‘ഫോൺ കോളിനെ’ തുടർന്ന് അദ്ദേഹം നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ, വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മാത്രമാണ് കമീഷണർ നൽകിയ മറുപടി. ബുധനാഴ്ചയും വിശദാംശങ്ങൾ ആരാഞ്ഞ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി. 

ചൊവ്വാഴ്ച വിളിച്ചുചേർത്ത വാർത്ത​സമ്മേളനത്തിൽ നിർണായക വിവരങ്ങളടക്കം കണ്ടെത്തിയതായി വെളിപ്പെടുത്തുന്നതിനിടെയായിരുന്നു ഫോൺ കോൾ എത്തിയത്. ഇതിന് പിന്നാലെ, വാർത്തസമ്മേളനം തുടർന്നുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ച ടിജു മടങ്ങുകയായിരുന്നു. ഫോൺ വന്നതിന് പിന്നാലെ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു കമീഷണർ വാർത്ത​സമ്മേളനം അവസാനിപ്പിച്ചത്.

ദുൽഖർ അടക്കമുള്ളവരുടെ വണ്ടി പിടികൂടിയതായി​ വെളിപ്പെടുത്തിയ കമീഷണർ, ‘തൃശൂരിൽ നിന്ന് പിടിച്ചതാണ്’ എന്ന് മാത്രമാണ് മറ്റൊരു​വാഹ​നത്തെ വിശേഷിപ്പിച്ചത്. തുടർന്ന് ചിരിച്ച അദ്ദേഹത്തോട് ‘തുറന്നുപറയാൻ മടിയുണ്ടോ?’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ അന്വേഷണം തുടരുകയല്ലേ എന്നായിരുന്നു കമീഷണറുടെ മറുപടി. വാർത്തസമ്മേളനം അവസാനിപ്പിച്ചതിന് പിന്നാലെ, മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന ​വാർത്തക്കുറിപ്പ് വിതരണം ചെയ്യാൻ തയ്യാറായ ഉദ്യോഗസ്ഥരോട് ഒരുഭാഗം നീക്കിയ ശേഷം മാധ്യമപ്രവർത്തകർക്ക് നൽകിയാൽ മതിയെന്ന് അദ്ദേഹം നിർദേശിക്കുന്നതും കാണാമായിരുന്നു.

ഏറെ നിർണായകവും രാജ്യസുരക്ഷക്കടക്കം ഭീഷണിയുയർത്തുന്നതുമായ വിവരങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായായിരുന്നു കമീഷണറുടെ വെളിപ്പെടുത്തൽ. ഇന്ത്യന്‍ സൈന്യത്തിന്റെയും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകള്‍ ചമച്ചും എംപരിവാഹന്‍ വെബ്‌സൈറ്റില്‍ കൃത്രിമം നടത്തിയയായും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ 150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നികുതി വെട്ടിപ്പും കണ്ടെത്തിയെന്ന് കസ്റ്റംസ് കമീഷണര്‍ വാര്‍ത്തസമ്മേനത്തില്‍ പറഞ്ഞു.

പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വന്‍ ജി.എസ്.ടി തട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. നടന്‍മാരുടെ മൊഴിയെടുക്കുമെന്നും വാഹനം വാങ്ങിയവരുടെ പങ്ക് അനുസരിച്ചാകും തുടര്‍ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ സല്‍മാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാര്‍ ഉണ്ടെന്നും എന്നാല്‍ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മിഷണര്‍ പറഞ്ഞു. മറ്റൊരു നടനായ അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. അമിത്തിന്റെ പേരിലുള്ള 2 വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ഭൂട്ടാനിലെ നിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി എത്തിക്കുന്നതാണ് ഇവരുടെ രീതി. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ സ്വര്‍ണവും മയക്കുമരുന്നും എത്തിക്കുന്നതായി സംശയം. പരിവാഹന്‍ വെബ് സൈറ്റില്‍ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങള്‍. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്നത്. ആവശ്യ​മെങ്കിൽ മറ്റ് അന്വേഷണ ഏജൻസികളുടെ സഹകരണം തേടുമെന്നും ടിജു തോമസ് പറഞ്ഞു. ഇതിനിടെ എത്തിയ ടെലിഫോണ്‍ കോളിനെ തുടര്‍ന്ന് കമ്മിഷണര്‍ വാര്‍ത്താ സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

News Summary - Silenced? Customs commissioner Liju refuses to respond on raids held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.