മട്ടന്നൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. ഞായറാഴ്ച 17ാംപ്രതി മുഴക്കുന്ന് സ്വദേശി വി. പ്രജിത്തിനെ (27) അറസ്റ്റ് ചെയ്തതോടെയാണ് എല്ലാവരും പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സി.ഐ ജോഷി ജോസും സംഘവും കാക്കയങ്ങാടാണ് പ്രജിത്തിനെ അറസ്റ്റ്ചെയ്തത്. ഷുഹൈബിനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അക്രമികള്‍ക്ക് ആയുധമെത്തിച്ചുകൊടുക്കാന്‍ സഹായിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
കേസെടുത്ത 17 പേരിൽ നേരേത്ത അറസ്റ്റിലായ 16 പേരില്‍ 10 പേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ള ആറുപേര്‍ ഇപ്പോഴും റിമാൻഡിലാണ്. കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഷുഹൈബിെൻറ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഴുവന്‍ പ്രതികളും അറസ്റ്റിലാവുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12ന് രാത്രി 10.45 ഓടെയായിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്.
തെരൂരിലെ തട്ടുകടയില്‍ ഷുഹൈബും സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മന്‍സിലില്‍ റിയാസ് (27) എന്നിവര്‍ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ സംഘം കടക്കുനേരെ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ നൗഷാദിനും റിയാസിനും പരിക്കേറ്റു. മൂവരെയും ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഷുഹൈബിെൻറ കാലുകള്‍ വെട്ടേറ്റ് തൂങ്ങി സാരമായി പരിക്കേറ്റതിനാല്‍ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ തലശ്ശേരിയില്‍വെച്ച് മരിക്കുകയായിരുന്നു.
പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളില്‍നിന്നായിരുന്നു തുടക്കത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്തത്. നാല് സി.ഐമാരും 30 എസ്.ഐമാരുമടക്കം മുന്നൂറോളം പൊലീസുകാരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. തില്ലങ്കേരി, മുഴക്കുന്ന്, മച്ചൂര്‍മല മേഖലയില്‍ മൂന്നുമണിക്കൂറോളം പരിശോധന നടത്തിയാണ് ഫെബ്രുവരി 16ന് ആദ്യസംഘം പിടിയിലായത്. പ്രതികളെ പിടികൂടുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ നിരവധി സമരങ്ങൾ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.