നാരീശക്തി പുരസ്കാരം ശുഭ വാര്യര്‍ക്ക്

തിരുവനന്തപുരം: വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്ക് കേന്ദ്ര വനിത, ശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ 2016 ലെ നാരീശക്തി പുരസ്കാരത്തിന് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ (വി.എസ്.എസ്.സി)ശാസ്ത്രജ്ഞ ജി. ശുഭ വാര്യര്‍ അര്‍ഹയായി. ഫെബ്രുവരിയില്‍ പി.എസ്.എല്‍.വി.സി 37 ദൗത്യത്തിലൂടെ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലത്തെിച്ച ഐ.എസ്.ആര്‍.ഒ പദ്ധതിയുടെ അണിയറശില്‍പികളില്‍ പ്രമുഖയാണ്. അന്താരാഷ്ട്ര വനിതദിനാചരണത്തോടനുബന്ധിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. എല്ലാ ഉപഗ്രഹങ്ങളും കൂട്ടിമുട്ടല്‍ ഇല്ലാതെ വേര്‍പെടുത്തുന്നതിന് ശുഭവാര്യര്‍ രൂപകല്‍പന ചെയ്ത ഓണ്‍ബോര്‍ഡ് വിഡിയോ സംവിധാനമാണ് ഉപയോഗപ്പെടുത്തിയത്. വിവിധരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ അടങ്ങിയതിനാല്‍ ഓരോഘട്ടത്തിലും ഉപഗ്രഹങ്ങള്‍ സുഗമമായി വേര്‍പെടുന്നതിന്‍െറ ദൃശ്യങ്ങള്‍ ലഭ്യമാവുന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു. തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് ബിരുദം നേടിയ ശുഭ വാര്യര്‍ 1991ലാണ് ഐ.എസ്.ആര്‍.ഒയില്‍ ജോലിയില്‍ പ്രവേശിച്ചത്. വി.എസ്.എസ്.സിയിലെ ഏവിയോണിക്സ് മേഖലയില്‍ വിഡിയോസംവിധാന വികസനവിഭാഗത്തിന്‍െറ മേധാവിയാണിപ്പോള്‍. 

വി.എസ്.എസ്.സിയില്‍ തന്നെ എന്‍ജിനീയറായ രഘുവാണ് ഭര്‍ത്താവ്. മക്കള്‍: ഗൗതം ആര്‍. വാര്യര്‍ (സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് എന്‍ജിനീയര്‍, ആമസോണ്‍, ഹൈദരാബാദ്), ഗാഥ ആര്‍. വാര്യര്‍ (എട്ടാം ക്ളാസ് വിദ്യാര്‍ഥി, സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂള്‍, തിരുവനന്തപുരം). ആലപ്പുഴ സ്വദേശിനിയായ ശുഭ വാര്യര്‍ തിരുവനന്തപുരം കവടിയാറിനടുത്ത് അമ്പലംമുക്കിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
 

Tags:    
News Summary - shubha warrior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.