ഉമേഷ്​ വള്ളിക്കുന്ന്​

'കോടതി വിധി വായിക്കുക തീവ്ര ഇടത് നിലപാടാണോ'; സസ്പെൻഷനിലായ പൊലീസുകാരന് വീണ്ടും നോട്ടീസ്

കോഴിക്കോട്: സദാചാര ലംഘനം ആരോപിച്ച് സസ്പെൻഷനിലായ പൊലീസുകാരൻ ഉമേഷ് വള്ളിക്കുന്നിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട അലൻ ഷുഹൈബിനും ത്വാഹ ഫസലിനും അനുകൂലമായി സമൂഹമാധ്യമത്തിൽ പ്രതികരിച്ചത് ചൂണ്ടിക്കാട്ടിയാണ് സിറ്റി പൊലീസ്​ കമീഷണർ എ.വി. ജോർജ് നോട്ടീസ് നൽകിയത്. പൊലീസ് വകുപ്പ് സ്വീകരിച്ച അച്ചടക്ക നടപടിയെ സമൂഹമാധ്യമത്തിൽ കളിയാക്കിയതായും നോട്ടീസിൽ പറയുന്നു.

'കോടതി വിധി വായിക്കുക തീവ്ര ഇടത് നിലപാടാണോ'യെന്ന് നോട്ടീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് ചോദിച്ചു. തനിക്കെതിരെ വേട്ട തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ പൊലീസുകാരനായ ഉമേഷ്​ വള്ളിക്കുന്നി​െന നേരത്തെ 'സദാചാര ലംഘനം' ആരോപിച്ച്​ സസ്​പെൻഡ്​ ചെയ്​തിറക്കിയ ഉത്തരവിലെ പരാമർശങ്ങൾ​​ വിവാദമായിരുന്നു. സ്​ത്രീവിരുദ്ധവും സാമാന്യ നീതിക്ക്​ നിരക്കാത്തതുമാണ്​ സസ്​പെൻഷൻ ഉത്തരവെന്ന്​ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ്​ ഉയർന്നത്​.

കോഴിക്കോട് സ്വദേശിയായ യുവതിക്ക്​​ ഫ്ലാറ്റ്​ വാടകക്കെടുത്തു കൊടു​ത്തെന്നും ഈ ഫ്ലാറ്റിൽ നിത്യസന്ദർശനം നടത്തുന്നത്​ ​െപാലീസ്​ സേനക്ക്​ കളങ്കമാണെന്നും ആരോപിച്ചാണ്​ ഉമേഷിനെ സസ്​പെൻഡ്​ ചെയ്യുന്നത്​ എന്നാണ്​ ഉത്തരവിൽ പറയുന്നത്​. വിവാദ ഉത്തരവിൽ പരാമർശിക്കുന്ന യുവതി ഉത്തരവിലെ സ്​ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കമീഷണർക്കെതിരെ ഉത്തരമേഖല ​െഎ.ജി അശോക്​ യാദവിന്​ പരാതി നൽകിയിട്ടുണ്ട്​.

ഉമേഷ് വള്ളിക്കുന്നിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

വേട്ട തുടങ്ങിക്കഴിഞ്ഞു. അടുത്ത മെമ്മോ ഇന്ന് ഉച്ചക്ക് കൈപ്പറ്റി.

"കോടതി വിധി വായിക്കുക" എന്നത് തീവ്ര ഇടതുപക്ഷ നിലപാടാത്രേ! 

ജില്ലാ തലത്തിലുള്ള ഒരു ഭരണാധികാരി എന്ന അധികാരം ദുർവിനിയോഗം ചെയ്ത് ഒരു വെറും പോലീസുകാരനെതിരെ, സർക്കാർ നയങ്ങൾക്കും ഈ രാജ്യത്തിലെ നിയമങ്ങൾക്കും സാമാന്യബോധത്തിനും പോലീസ്- സർക്കാർ സംവിധാനങ്ങൾക്കും സാംസ്കാരിക-രാഷ്ട്രീയ കേരളത്തിനും അപമാനകരമായ തരത്തിൽ ഒരു സ്ത്രീയെ പേരെടുത്തു പറഞ്ഞ് അവളുടെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അതിഹീനമായി അപമാനിച്ചു കൊണ്ട് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒരു സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ സുഹൃത്തുക്കളും മാധ്യമങ്ങളും കേരളത്തിലെ സമാന്യജനതയും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്.

അഭിവാദ്യങ്ങൾ. ഹൃദയവും മനസ്സും നിറഞ്ഞ് കവിയുന്ന നന്ദിയും സ്നേഹവും എല്ലാവരോടുമുണ്ട് .

ഈ കാര്യത്തിൽ എനിക്കെതിരായ നടപടികൾ എന്തുതന്നെയായാലും

കേരളത്തിൽ ഇനിയൊരിക്കലും മറ്റൊരു പോലീസുകാരനെതിരെയും ഇതു പോലൊരുത്തരവ് പുറപ്പെടുവിക്കാൻ ഒരധികാരിയും ധൈര്യപ്പെടില്ല എന്നുറപ്പാണ്. നമ്മൾ വീണുപോയാലും സിസ്റ്റം നവീകരിക്കപ്പെടും. അതാണ് നമ്മുടെ ഈ പോരാട്ടത്തിന്റെ വിജയം. (ഇന്നലെ മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആതിരയുടെ പരാതികൾ പിൻവലിക്കാൻ ചില 'അഭ്യുദയകാംക്ഷികൾ' ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. )

പക്ഷേ, ഇതുകൊണ്ടൊന്നും വേട്ടക്കാർ പിൻമാറില്ല. അവർ വേട്ട തുടരുക തന്നെ ചെയ്യും. പോലീസുകാരൻ എന്ന നിലയിൽ അധികകാലം ജീവിക്കാൻ എന്നെയിനി അനുവദിക്കില്ല എന്നുറപ്പാണ്. തുടർച്ചയായി നിയമനടപടികൾ നേരിടേണ്ടി വരും. മെമ്മോയ്ക്ക് മറുപടിയെഴുതാൻ സർവീസ് ജീവിതം തികയാതെ വരും. തുടർച്ചയായി ശിക്ഷാവിധികൾ വരും. അധികം വൈകാതെ പോലീസ് സേനയുടെ 'അന്തസ്സി'നും 'സൽപ്പേരി'നും തീരാ കളങ്കമായ ഉമേഷ് വള്ളിക്കുന്നിനെ തിരിച്ചു വരാനാത്ത വിധം പോലീസ് സേനയിൽ നിന്ന് പുറന്തള്ളും.

ഇതൊക്കെ അറിയാവുന്നത് കൊണ്ട് ഇന്നലെ അമ്മയ്ക്കൊരു സൂചന കൊടുത്തു. "പണി പോകാൻ സാധ്യതയുണ്ട്"

അമ്മ സൗമ്യമായി പറഞ്ഞു: "പണി പോയാലും എങ്ങനെയെങ്കിലും ജീവിക്കാം. പക്ഷേ, അയാളുടെ കാലു പിടിച്ചിട്ടോ മാപ്പു പറഞ്ഞിട്ടോ നീ പണിക്ക് പോണ്ട."

ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷം. എനിക്ക് ഓർമ്മവെക്കുന്ന പ്രായത്തിൽ മേങ്കോറഞ്ചിലെ തേയിലത്തോട്ടത്തിൽ തൊഴിലാളിയായിരുന്നു എന്റെ അമ്മ.

കാട്ടുകള്ളനും തൊഴിലാളിവിരുദ്ധനുമായ എസ്റ്റേറ്റ് മാനേജർ വിജയനെതിരെ അമ്മയുൾപ്പെടുന്ന തൊഴിലാളി സംഘം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്നതാണ് ജീവിതത്തിൽ ആദ്യം കണ്ട സമരം. കഴിഞ്ഞ വർഷം സസ്പെൻഷൻ കാലത്ത് അഞ്ജുവിന്റെ കല്യാണത്തിന് പോയപ്പോൾ തേയിലക്കുന്നുകളെ നോക്കിയിരുന്ന് ഉമേഷേട്ടന്റെ അച്ഛൻ കുമാരേട്ടൻ അന്നത്തെ സമരകഥകളൊക്കെ ഓർത്ത് പറയുന്നത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.

പതിനാലാം വയസ്സിൽ കോഴിക്കോട് നാലാം ഗെയിറ്റിനടുത്തുള്ള ന്യൂ സോമരാജ് ഹോട്ടലിന്റെ അടുക്കളയിലെ കൊട്ടത്തളത്തിൽ പത്ത് രൂപ ദിവസക്കൂലിക്ക് പ്ലേറ്റും ഗ്ലാസും കഴുകിയാണ് തൊഴിൽ ജീവിതം ആരംഭിക്കുന്നത്. ലോക്കലടിക്കുന്ന ജീപ്പിൽ 'ഉപ്പട്ടി...ഉപ്പട്ടി..' 'പന്തല്ലൂർ.. പന്തല്ലൂർ.. ന്തല്ലൂർ " എന്ന് വിളിച്ച് 'കിളി' യായിരുന്നു ഒരു കാലം. ഉപ്പട്ടിയിലെ ചില വീടുകളിലൊക്കെ പോകുമ്പോൾ അറിയാതെ ചുമരുകൾ തടവി നോക്കാറുണ്ടിപ്പോഴും. നമ്മൾ ചുമന്ന് കൊണ്ടുവന്ന കല്ലും മണലും എന്നൊരു റൊമാൻസ് ആ ചുവരുകളോട് തോന്നാറുണ്ട്. ഏതു തൊഴിലും ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ആസ്വദിച്ചേ ചെയ്തിട്ടുള്ളൂ.

ഇപ്പോഴും ഏതു തൊഴിലും ചെയ്യാൻ മടിയില്ല. അഥവാ മടി തോന്നിയാൽ പോലും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി ഏത് തൊഴിലെടുക്കാനും സജ്ജമാക്കാൻ ഈ സസ്പെൻഷൻ കാലം വിനിയോഗിക്കും. ജോലി പോയാലും നമുക്ക് ജീവിച്ചിരുന്നേ പറ്റൂ. 

Full View



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.