എം.വി. ഗോവിന്ദൻ

രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി മാത്രം ഒഴിഞ്ഞാൽ മതിയോ? കത്ത് വിവാദം ശുദ്ധ അസംബന്ധമെന്നും എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണത്തിൽ കോൺഗ്രസിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തരം ഗൗരവതരമായ വിഷയങ്ങൾ ഉയർന്നുവരുമ്പോൾ ആരോപണവിധേയനായ വ്യക്തി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി മാത്രം ഒഴിഞ്ഞാൽ മതിയോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഗൗരവതരമായ പരിശോധന കോൺഗ്രസ് നടത്തണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.

കത്ത് വിവാദം ശുദ്ധ അസംബന്ധമാണെന്നും തനിക്കോ മകനോ യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. രാജേഷ് കൃഷ്ണ കേരളത്തിലെ പാർട്ടി അംഗമല്ല, യു.കെയിലെ പാർട്ടി സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പരാതി വന്നു എന്ന ഒറ്റ കാരണത്താൽ നടപടിയെടുക്കുക എന്നല്ല രീതി. യു.കെ ഘടകം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നിലവിൽ രാജേഷ് കൃഷ്ണക്കെതിരെ ഒരുനിലപാടും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും നടപടി സ്വീകരിക്കണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെയും ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ പകപോക്കലിനായി ആരെ വേണമെങ്കിലും ജയിലിൽ അടക്കുകയും അയോഗ്യരാക്കുകയും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്നും അതിനുള്ള കേന്ദ്ര ഏജൻസികൾ നാട്ടിലുണ്ടെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാൻ ബി.ജെ.പി സർക്കാർ പാസാക്കിയ 130ാം ഭരണഘടനാ ഭേദഗതി ബിൽ നവഫാഷിസത്തിലേക്ക്‌ രാജ്യം കടക്കുന്നു എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ്. 430 സീറ്റ്‌ ബി.ജെ.പിക്ക്‌ ലഭിക്കണം എന്നായിരുന്നു കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ലക്ഷ്യം. ജനങ്ങൾ ഇത്‌ സമ്പൂർണമായും തിരസ്‌കരിക്കുകയാണ്‌ ചെയ്തത്‌.

അത്‌ പൂർണമായും നടപ്പാക്കാൻ അവർക്ക്‌ ആയില്ല. അതിനാലാണ്‌ 130ാം ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Should Rahul just step down as Youth Congress president -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.