തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾ ഉയർന്നതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പിന്നാലെ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ 15ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുന്നു. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ സഭാംഗമായി തുടരുന്ന രാഹുൽ സഭയിൽ വരുന്നതിന്റെ എതിർക്കേണ്ടേതില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പും പാർട്ടിയിലെ ഒരു വിഭാഗവും.
ഇതുസംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനമെടുക്കുമെന്നാണ് വി.ഡി. സതീശന് പ്രതികരിച്ചത്. രാഹുൽ വരുന്നതോടെ സഭയിൽ ഉയർന്നുവരുന്ന വിഷയങ്ങൾ മുഴുവൻ രാഹുലിനെതിരായ ആരോപണങ്ങളിലേക്ക് മാറുമെന്നാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ രാഹുൽ സഭ സമ്മേളനത്തിൽ നിന്ന് മാറിനിൽക്കുന്നതാണ് മുന്നണിക്കും പാർട്ടിക്കും നല്ലതെന്നും ഇവർ വാദിക്കുന്നു.
രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങൾ ഉണ്ടായിട്ടും ഭരണപക്ഷ അംഗങ്ങൾ സഭയിൽ ഹാജരാകുന്നത് ചൂണ്ടിക്കാട്ടിയാണ് രാഹുൽ അനുകൂലചേരിയുടെ വാദമുഖങ്ങൾ. രാഹുലിനെതിരെ പാർട്ടി സ്വീകരിച്ച നടപടിയും നിയമസഭ കക്ഷിയിൽ നിന്ന് പുറത്താക്കിയതും ഉൾപ്പെടെ നിരത്തി ഭരണപക്ഷത്തെ നേരിടാമെന്നുമാണ് ഇവരുടെ വാദങ്ങൾ.
പാർട്ടി നേതൃത്വമായിരിക്കും രാഹുൽ സഭയിൽ പങ്കെടുക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. വി.ഡി സതീശന്റെ നിലപാടിനൊപ്പം പാർട്ടി നേതൃത്വം നിലകൊള്ളുമോ എന്നതും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.