കേരളം നികുതി കുറക്കണോ?; കണക്കു നിരത്തി ധനമന്ത്രി

തിരുവനന്തപുരം: 2021 നവംബറിലും ഇപ്പോഴുമായി സംസ്ഥാനത്ത് പെട്രോളിന് 3.97 രൂപയും ഡീസലിന് 3.68 രൂപയും കുറച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം 2021 നവംബർ നാലിന് ഡീസലിന് നികുതി 10 രൂപയും പെട്രോളിന് അഞ്ച് രൂപയും കുറച്ചപ്പോൾ യഥാർഥത്തിൽ കേരളത്തിൽ കുറഞ്ഞതാവട്ടെ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ്. ഇതിൽ 2.30 രൂപ ഒരു ലിറ്റർ ഡീസലിനും 1.56 രൂപ പെട്രോളിനും അധികമായി കുറഞ്ഞത് കേരളത്തിന്റെ വകയായാണ്. ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചതിന്റെ ഫലമായി കേരളത്തിന് പെട്രോള്‍ നികുതിയില്‍ 2.41 രൂപയുടെയും ഡീസലിന് 1.36 രൂപയുടെയും കുറവുവരും.

2016ൽ ഇടത് സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം കേരളം ഇന്നുവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. 2018 ജൂണിൽ പെട്രോളിന്റെ നികുതി നിരക്ക് 31.80ല്‍നിന്ന് നിലവിലെ 30.08 ശതമാനമായും ഡീസലിന്‍റേത് 24.52ല്‍നിന്ന് 22.7 ശതമാനമായും കുറക്കുകയായിരുന്നു.

ഇന്ധനവില കേരളം വീണ്ടും കുറക്കണമെന്ന് ആവർത്തിക്കുന്നവർ മറ്റ് പല കണക്കുകളും മറക്കുകയാണ്. 20,000 കോടി രൂപയിലധികമാണ് കോവിഡ് പാക്കേജിലൂടെ സർക്കാർ നിർവഹിക്കുന്നത്. ഇതിനൊക്കെ പുറമേ കേന്ദ്രവിഹിതം, ജി.എസ്.ടി നഷ്ടപരിഹാരം, റവന്യൂ കമ്മി ഗ്രാൻഡ് വകയിൽ നിലവിൽ കേരളത്തിന് കിട്ടേണ്ട വരുമാനം 19,000 കോടിയിലധികം ഈ സാമ്പത്തികവർഷം കുറവുവരും.

ഒരുവശത്ത് കേന്ദ്രവിഹിതം വലിയ തോതിൽ ഇടിയുകയും മറുവശത്ത് കേരള സർക്കാർ ഏറ്റെടുത്ത് നടത്തുന്ന സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ചെലവ് വർധിക്കുകയുമാണ്. ഫലത്തിൽ പെട്രോളിന്റയും ഡീസലിന്റയും നികുതി ഇനിയും കുറക്കണമെന്നാവശ്യപ്പെടുന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താൽപര്യത്തിന് വിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എക്സൈസ് തീരുവ കുറച്ചാൽ സംസ്ഥാനത്ത് വിലയിൽ കുറവു വരുന്നതിങ്ങനെ

കേന്ദ്ര എക്സൈസ് തീരുവ അടക്കം 78 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില എന്നു സങ്കൽപ്പിക്കുക.

ഇതിന്റെ 30.8 ശതമാനമാണ് സംസ്ഥാന നികുതി -അതായത് 30.26. സംസ്ഥാനത്തെ വില 78+ 30. 26 = 100.26.

കേന്ദ്ര എക്സൈസ് തീരുവ എട്ട് രൂപ കുറച്ച് വില 70 ആയാൽ ഇതിന്റെ 30.8 ശതമാനമാണ് സംസ്ഥാന നികുതി -അതായത് 27.16.

സംസ്ഥാനത്തെ വില 70+ 27.16 = 97. 16

Tags:    
News Summary - Should Kerala reduce taxes?; Minister of Finance with details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.