കെ. മുരളീധരൻ
തിരുവനന്തപുരം: സി.പി.എമ്മിനെ ട്രോളി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എമ്മിന് പഴയപോലെ കേഡർ സംവിധാനമൊന്നും ഇല്ലെന്നും കള്ളവോട്ട് ചെയ്യാൻ പറഞ്ഞുവിടുന്നവർ പോലും അവർക്ക് വോട്ടുചെയ്യുന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു. മാർക്സിസ്റ്റ് പാർട്ടിയിൽ വന്ന മൂല്യച്യൂതി ഏറ്റവുമധികം നിരാശരാക്കിയത് അവരുടെ കേഡർ വോട്ടുകളെയാണ്. അതും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയാണ്.
ഒന്നാം ഘട്ടത്തിലെ പോളിങ് ശതമാനത്തിലെ കുറവ് യു.ഡി.എഫിന്റെ സാധ്യതകൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. വോട്ടർ പട്ടികയിലുണ്ടായ ആശയക്കുഴപ്പമാണ് കുറവിനുള്ള കാരണങ്ങളിലൊന്ന്. തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ കാര്യമായ വീഴ്ചയുണ്ടായി. ഒരു രാഷ്ട്രീയ പാർട്ടിയും ആവശ്യപ്പെടാതെയാണ് അവസാനത്തെ രണ്ട് ദിവസങ്ങൾ വോട്ട് ചേർത്തത്. ഒരു കുടുംബത്തിൽ തന്നെ മാതാപിതാക്കൾക്ക് ഒരു പോളിങ് സ്റ്റേഷനിലും മക്കൾ മറ്റൊരു പോളിങ് സ്റ്റേഷനിലുമായി. ഇത് വ്യാപകമായി ആശയക്കുഴപ്പമുണ്ടാക്കി. ഇത്തരത്തിൽ വാർഡ് മാറിയവർ വോട്ടില്ലെന്ന ധാരണയിൽ വിട്ടുനിന്നു. 2020ൽ വോട്ട് ചെയ്തവർക്ക് പോലും വോട്ടില്ലെന്ന പരാതി വന്നു.
മരിച്ചുപോയവരുടെ പേര് പലയിടത്തും നീക്കം ചെയ്തിട്ടില്ല. വിദ്യാർഥികൾ നല്ലൊരു ശതമാനം ഉപരിപഠനത്തിനായി വിദേശത്താണ്. അവരാരും വോട്ട് ചെയ്യാൻ വേണ്ടി വന്നിട്ടില്ല. ബി.ജെ.പിയുടെ നിസ്സംഗത പല ബൂത്തുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പോളിങ് ശതമാനത്തിന്റെ കുറവ് ഒരിക്കലും ഞങ്ങളെ ബാധിക്കില്ല. തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റിന് മുകളിൽ സ്വന്തമാക്കുമെന്നും അദ്ദേഹം അവകാപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.