കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി മരുമകനെ പാഠം പഠിപ്പിച്ചില്ലെങ്കിൽ മന്ത്രി കേരളത്തിൽ ഇറങ്ങി നടക്കണോയെന്ന് ബി.ജെ.പിക്കാർ തീരുമാനിക്കുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
'മുഖ്യമന്ത്രിയുടെ വീടിനകത്തുള്ള പ്രിയപ്പെട്ട റിയാസിനോട് പറയാനുള്ളത് ഞങ്ങളുടെ ലീഡർ പ്രസംഗിക്കാനല്ല വന്നിട്ടുള്ളത്, ജോലി ചെയ്യാനാണ്. കാര്യങ്ങൾ നല്ല വെടിപ്പോട് പറയാൻ നട്ടെല്ലുള്ള, തന്‍റേടമുള്ള സഹഭാരവാഹികളിൽ നിന്ന് ഒരു മിതത്വവും ഉണ്ടാവില്ല. അത് റിയാസ് മനസിലാക്കണം.
ഇന്നലെ റിയാസിന് ഇരിക്കപ്പൊറുതിയില്ല. പിണറായി പാറപ്പുറത്തെ തമ്പുരാൻ എഴുന്നള്ളിപ്പ് തുടങ്ങുമ്പോൾ ഇടത് ഭാഗത്ത് കമലേടത്തിയും മറ്റേഭാഗത്ത് മരുമകനും പിന്നെ മരുമകന്‍റെ ഭാര്യ വീണയും ചെറിയ കുട്ടിയും ഉൾപ്പെടെയാണ് കേരളത്തിന്‍റെ നികുതിപണം എടുത്ത് ടിക്കറ്റെടുത്ത് സുഖവാസത്തിന് വേണ്ടി എത്രയോ രാജ്യങ്ങളിൽ യാത്ര ചെയ്തത്.
അധ്വാനിച്ച് കൈക്കരുത്ത് നേടിയ ആളല്ല മിസ്റ്റർ റിയാസ്. കൂടുതൽ പറയിപ്പിക്കരുതെന്ന് മാത്രം ഈ അവസരത്തിൽ സൂചന നൽകാൻ ആഗ്രഹിക്കുകയാണ്. ആരെല്ലാം പരിപാടിയിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടവർ തീരുമാനിച്ചത് കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ കസേരയിൽ ഇരുന്നത്. ഒരു പാസ് തരൂ എന്ന് മുഖ്യമന്ത്രിയോടൊ റിയാസിനോടൊ വകുപ്പ് മന്ത്രിയോടൊ ചോദിച്ച് തല കുനിച്ച് നിന്നിട്ടല്ല സംസ്ഥാന അധ്യക്ഷൻ വേദിയിൽ ഇരുന്നത്.
ശൈലജ ടീച്ചർ രണ്ടക്ഷരം കൂടുതൽ സംസാരിച്ചപ്പോൾ തമ്പുരാന് ഒട്ടും സന്തോഷമുണ്ടായില്ല. വടകരയിലെ യോഗത്തിൽ എന്താണ് ഉണ്ടായത്. ഒരു സ്ത്രീയോട് പോലും മര്യാദ കാണിക്കാത്ത കേരളത്തിന്‍റെ മുഖ്യമന്ത്രി മരുമകനെ പാഠം പഠിപ്പിച്ചില്ലെങ്കിൽ ആ മന്ത്രി കേരളത്തിൽ ഇറങ്ങി നടക്കണോ വേണ്ടയോ എന്ന് ബി.ജെ.പിക്കാർ തീരുമാനിക്കും' -ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ എത്തി ഒറ്റക്ക് ഇരുന്നതിനെയും മുദ്രാവാക്യം മുഴക്കിയതിനെയും മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചിരുന്നു. രാജീവ് വേദിയിൽ കയറിയിരിക്കുന്നത് അല്‍പത്തരമെന്നാണ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംസ്ഥാന ധനമന്ത്രി ഉള്‍പ്പടെ സദസ്സിൽ ഇരിക്കുമ്പോഴാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മണിക്കൂറുകള്‍ക്ക് മുമ്പ് എത്തി വേദിയില്‍ ഇരിക്കുന്നത്. വേദിയില്‍ ഇരുന്ന് ഇദ്ദേഹം ബി.ജെപി പ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രിക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് നാണം വേണമെന്നും റിയാസ് പറഞ്ഞു. ‘ഞങ്ങൾ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന ഫേസ്ബുക്ക് കുറിപ്പും മന്ത്രി റിയാസ് പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.