ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം, വീട്ടിലെത്തി പൊലീസ് നോട്ടീസ് നൽകി; ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ എന്ന് പിതാവ്

തൃശൂർ: ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. തൃശൂർ കയ്പമംഗലത്തെ വീട്ടിലെത്തിയ എറണാകുളം ടൗൺ നോ‍ര്‍ത്ത് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഷൈനിന്‍റെ പിതാവ് ചാക്കോക്കാണ് നോട്ടീസ് കൈമാറിയത്.

ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ കലൂരിലെ സ്വകാര്യ ഹോട്ടലിന്‍റെ ജനൽ വഴി പുറത്തുചാടി എന്തിനാണ് ഷൈൻ രക്ഷപ്പെട്ടതെന്ന് അറിയാനാണ് പൊലീസ് ഷൈനിനെ നോട്ടീസ് നൽകിയ വിളിപ്പിക്കുന്നത്.

നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് മാധ്യമങ്ങളെ അറിയിച്ചു. 10 വർഷം കേസ് നടത്തിയ പരിചയമുണ്ട്. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ലെന്നും ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, നടി വിന്‍സി അലോഷ്യസിന്‍റെ പരാതിയിൽ അന്വേഷണം നടത്തുന്ന 'സൂത്രവാക്യം' സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) മുമ്പില്‍ ഷൈന്‍ തിങ്കളാഴ്ച ഹാജരാകും. ചലച്ചിത്ര താരസംഘടനയായ അമ്മയും ഷൈനിനോട് വിശദീകരണം തേടാനിരിക്കുകയാണ്.

അതിനിടെ, ഷൈൻ ടോം ചാക്കോ അടക്കം എട്ട് പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസും തുടങ്ങിയിട്ടുണ്ട്.

മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ബുധനാഴ്ച രാത്രി 10.45ഓടെ ഡാന്‍സാഫ് സംഘം കലൂരിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്. ഇയാളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാന്‍സാഫ് സംഘം ഷൈന്‍ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലില്‍ എത്തിയത്. എന്നാൽ, ആളെ കണ്ടെത്താനായില്ല.

തുടർന്ന് ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചപ്പോൾ ഷൈൻ മുറിയെടുത്തതായി പ്രത്യേക സംഘം കണ്ടെത്തി. ഇതിന് പിന്നാലെ ഷൈനെ കാണാനായി മുറിക്ക് മുമ്പിലെത്തി. എന്നാൽ, ഡോർ കാമറയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ കണ്ട ഷൈൻ മുറിയുടെ ജനാല വഴി സിമ്മിങ് പൂളിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഷൈൻ താമസിച്ച മുറിയുടെ വാതിൽ തുറന്നത്. ഷൈനിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും മുറിയും പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.

മുറിയിൽ നിന്ന് ജനാല വഴി ചാടിയ ഷൈൻ രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലാണ് വീണത്. ഷീറ്റ് തകർന്ന് താഴെ എത്തിയ നടൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

Tags:    
News Summary - Shine Tom Chacko should appear tomorrow; Police Serve Notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.