ജമാഅത്തെ ഇസ്‍ലാമിയോട് സി.പി.എം ചോദിച്ചത് വോട്ടാണ്, അത് ഞങ്ങൾ നൽകി -ശിഹാബ് പൂക്കോട്ടൂർ

കോഴിക്കോട്: ജമാഅത്തെ ഇസ്‍ലാമിയും സി.പി.എമ്മും തമ്മിൽ വിവിധ സ്ഥലങ്ങളിൽ വെച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്‌ഥിരീകരിച്ചതോടെ, അങ്ങനെ ചർച്ചകൾ നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ആലപ്പുഴ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സന്ദർശനത്തെയും ചർച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയൻ തന്നെ പ്രസ്താവന നടത്തിയതുമാണെന്നും അദ്ദേഹം പറഞ്ഞു.


ജമാഅത്തിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന പിണറായിയുടെ പരാമർശത്തെ ശിഹാബ്​ പൂക്കോട്ടൂർ പരിഹസിച്ചു. ജമാഅത്തിന് അങ്ങിനെയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല. അങ്ങിനെയൊരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല -ശിഹാബ് ​പൂക്കോട്ടൂർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്’ -അദ്ദേഹം വ്യക്തമാക്കി.


കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് ജമാഅത്ത് -സി.പി.എം ചർച്ച നടന്നതായി പിണറായി സ്ഥിരീകരിച്ചത്. സി.പി.എം ആസ്ഥാനമായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിൽ കൂടിക്കാഴ്ച നടത്തിയതായാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഘടനയെ നിരോധിച്ചതിൽ കോൺഗ്രസിനോടുള്ള പ്രതിഷേധം കൊണ്ടാണ് 1996ൽ ജമാഅത്ത് സി.പി.എമ്മിനെ പിന്തുണച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


‘ആ കൂടിക്കാഴ്ച വർഗീയവാദിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. അവർ ഞങ്ങളെ കാണണം എന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയാണ്. ഞങ്ങൾക്ക് സംസാരിക്കാൻ അവസരം തന്നുകൂടേ എന്നൊരു ആവശ്യം വന്നപ്പോൾ, സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ വെച്ച് എന്നെ അവർ കണ്ടിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. ആ കണ്ടതിൽ ഒരുതരത്തിലുള്ള ഗുഡ് സർട്ടിഫിക്കറ്റും കൊടുക്കാൻ തയ്യാറായിട്ടില്ല. അവർ അവരുടെ നിലപാട് വ്യക്തമാക്കാൻ വന്നു’ -പിണറായി പറഞ്ഞു.

ശിഹാബ് ​പൂക്കോട്ടൂരിന്റെ കുറിപ്പിന്റെ പൂർണരൂപം:

ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്‌ഥിരീകരിച്ചിരിക്കുകയാണ്.

അങ്ങനെ ചർച്ചകൾ നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ, അപ്പോഴും ചില തെറ്റിദ്ധാരണകൾ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞതു പോലെ എ.കെ.ജി സെൻററിലല്ല ചർച്ച നടന്നത്. ചർച്ചകൾ വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുണ്ട്. അതിലൊരു ചർച്ച ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ആയിരുന്നു. (2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.) സന്ദർശനത്തെയും ചർച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയൻ തന്നെ പ്രസ്താവന നടത്തിയതുമാണ്.


 സി.പി.എമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചർച്ചകൾ. ജമാഅത്തിന് അങ്ങിനെയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല. അങ്ങിനെയൊരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല. സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്.

ശിഹാബ് പൂക്കോട്ടൂർ

സെക്രട്ടറി,

ജമാഅത്തെ ഇസ്‍ലാമി കേരള.



 


Tags:    
News Summary - Shihab Pookottur about CPM Jamaat-e-Islami discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.