മഞ്ചേരി: കുഴിമന്തി കഴിച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയായ മൂന്നര വയസ്സുകാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. മാർച്ച് 31ന് കുട്ടി കുടുംബത്തോടൊപ്പം മഞ്ചേരിയിലെ മന്തിക്കടയിൽനിന്ന് കുഴിമന്തിയും അൽഫഹാമും കഴിച്ചിരുന്നു.
പിതാവും പിതാവിന്റെ സഹോദരിയുടെ മക്കളും അടക്കം എട്ടുപേരാണ് ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. രാത്രിയോടെ കുട്ടികളായ നാലുപേർക്ക് പനി, വയറുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെട്ടെന്നും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും ബന്ധുക്കൾ പറഞ്ഞു.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ആർ.ഐ സ്കാനിങ് സൗകര്യമില്ലാത്തതിനാൽ മൂന്നര വയസ്സുകാരനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. കഴിഞ്ഞദിവസം രക്തപരിശോധന ഫലം വന്നപ്പോഴാണ് ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.
ഭക്ഷണം, വെള്ളം തുടങ്ങിയവയിലൂടെ ഉണ്ടായ അണുബാധയാണ് ഷിഗെല്ലയായി മാറാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഹോട്ടലിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവർക്ക് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.