പിണറായി വിജയൻ പഞ്ചാബിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഗോൾഡൻ ടെമ്പിൾ 'കോപ്പർ ടെമ്പിൾ' ആയേനെ -ഷിബു ബേബി ജോൺ

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോൺ. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കിൽ അവിടെത്തെ ഗോൾഡൻ ടെമ്പിൾ ഇപ്പോൾ കോപ്പർ ടെമ്പിളായി മാറിയേനെയെന്ന് ഷിബു ബേബി ജോൺ പരിഹസിച്ചു.

ഭരണസംവിധാനം കളവുകള്‍ പടച്ചുവിടുന്നുവെന്നും പദ്മകുമാറിന്റെ തലയില്‍ എല്ലാം കെട്ടിവെക്കാനാണ് ദേവസ്വം വകുപ്പ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് പിന്നിൽ പത്മകുമാർ മാത്രമാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പദ്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും സിപിഐഎമ്മും തമ്മില്‍ എന്താണ് ബന്ധം. അയ്യപ്പനെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ അയ്യപ്പന്‍ എട്ടിന്റെ പണി കൊടുത്തുവെന്നും ഷിബുബേബി ജോർണ് പറഞ്ഞു.

ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റു, ആർക്കെന്ന് കടകംപള്ളിക്ക് അറിയാം -വി.ഡി. സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡിനുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റതെന്നറിയാമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലാണ് ഇത് വിറ്റിരിക്കുന്നത്. കട്ടിളപ്പടിയും വാതിലും അടിച്ചോണ്ടുപോയി. രണ്ടാമത് സർക്കാർ ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ചുവരുത്തി അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍.

2022ന് കളവ് വിവരം ദേവസ്വം ബോർഡിനും സർക്കാറിനും അറിയാമായിരുന്നു. എന്നിട്ടും നടപടിയെടുത്തില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാൻ എല്ലാ രേഖകളും അവർ കൊടുത്തിട്ടുണ്ട്. അയാൾ കുടുങ്ങിയാല്‍ കടകംപള്ളി ഉൾപ്പെടെ എല്ലാവരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍റെ അടുത്തയാളാണ് ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണം ഉയർന്നവിലക്ക് വിറ്റുവെന്ന കോടതി കണ്ടെത്തിയ കാലത്ത് ദേവസ്വംമന്ത്രി കടകംപള്ളിയായിരുന്നു. ഇത് മൂടിവെക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു. സാധാരണക്കാർക്ക് ഇത് വാങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന പൊലീസിനെ വിശ്വാസം ഇല്ലാത്തതിനാലാണ്. ഹൈകോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നായിരുന്നു ആവശ്യം. ആ സാഹചര്യത്തിൽ ഹൈകോടതി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണത്തിനുള്ള അന്വേഷണത്തിനെതിരല്ല.

സ്വർണം മോഷ്ടിച്ച്, സ്വർണം ചെമ്പാക്കി മാറ്റിയ രാസവിദ്യ പ്രയോഗിച്ചിട്ടും ഇതുവരെ ചുണ്ടനക്കാത്ത മുഖ്യമന്ത്രി ഇന്നാണ് സഭയിൽ സംസാരിക്കുന്നത്. ഒരു വാർത്താസമ്മേളനം നടത്തി സര്‍ക്കാറിന് പറയാനുള്ളത് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു. അതുപറഞ്ഞില്ലല്ലോ. കഴിഞ്ഞ രണ്ട് ദിവസവും ചർച്ചക്ക് വിളിക്കാതെ ഇന്ന് എന്തിനാണ് തങ്ങളെ ചർച്ചക്ക് വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസ് നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Shibu Baby John mocks Chief Minister Pinarayi Vijayan over Sabarimala gold layer controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.