തിരുവനന്തപുരം: ഇന്നലെവരെ ഒരുമിച്ചു നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതുകൊണ്ടും കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ നല്ല നാടൻ ഭാഷയിൽ പറയേണ്ടത് ഇപ്പോൾ പറയുന്നില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പകിട്ട് നഷ്ടപ്പെടുത്താതെ നോക്കണമെന്ന് ഫലപ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം മുതൽ ഞങ്ങൾ ആവശ്യപ്പെടുന്നുണ്ട്. നമുക്ക് പറയാനല്ലേ പറ്റൂ. ചെയ്യേണ്ടവർ, ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എവിടെ ചെന്നാലും മുഖ്യമന്ത്രി ആരെന്നാണ് ജനം ചോദിക്കുന്നത്. കോൺഗ്രസ് ആരെ വേണമെങ്കിലും തീരുമാനിക്കട്ടെ, അംഗീകരിക്കാം. മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾക്ക് പ്രസക്തിയില്ലെന്ന എം.എം. ഹസന്റെ പരാമർശത്തിന് ഇപ്പോൾ മറുപടി പറയുന്നില്ല. ഇതിന് വേണ്ടി കുറെ വെള്ളം തങ്ങളും കോരിയിട്ടുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സാങ്കേതികമായി എം.എം. ഹസൻ പറഞ്ഞത് ശരിയാണ്. പക്ഷേ വേറെ ആർക്കും ഒരു കാര്യവുമില്ല എന്ന് പറയുമ്പോൾ അതിന് മറുപടി പറയുന്നില്ല.
ലീഗ് മുന്നണിയിലെ രണ്ടാം കക്ഷിയാണ്. അവരോട് അഭിപ്രായം ചോദിച്ചപ്പോൾ അവർ പറഞ്ഞിരിക്കാം. മുഖ്യമന്ത്രിക്കായി താനും കാത്തുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫലം പ്രഖ്യാപിച്ച് 10-ാം ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് ദൗർഭാഗ്യകരമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
നേരത്തേ ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾ ആരും പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ലെ ഹസൻ പറയുന്നത് കേട്ടാൽ ലീഗ് തിടുക്കപ്പെട്ട് കോൺഗ്രസ് വിഷയത്തിൽ ഇടപെട്ടതുപോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധികൾ ക്ഷണിച്ചതനുസരിച്ചാണ് ആർ.എസ്.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ചർച്ചക്ക് പോയതും നിലപാടുകൾ അറിയിച്ചതും. അല്ലാതെ സ്വമേധയാ കയറിച്ചെന്ന് അഭിപ്രായം പറയുകയായിരുന്നില്ല. ആർ.എസ്.പി കാഴ്ചപ്പാട് കേന്ദ്ര നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകമായി ഒരു പേരും തങ്ങൾ നിർദേശിച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാത്രമാണ് വിശദീകരിച്ചത്.
മുന്നണി മര്യാദ അനുസരിച്ച് കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് നേതാവിനെയും മുഖ്യമന്ത്രിയായി അംഗീകരിക്കാൻ ആർ.എസ്.പി തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'എ, ബി, സി എന്നല്ല, ഡി എന്നൊരാളെയാണ് കൊണ്ടുവരുന്നതെങ്കിലും മുന്നണി മര്യാദ പാലിച്ച് ഞങ്ങൾ അംഗീകരിക്കും'. ഘടകകക്ഷികളോട് അഭിപ്രായം തേടിയ സ്ഥിതിക്ക് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമ്പോൾ അത് കൂടി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും, എത്രയും വേഗം നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ച് അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.