‘ഞങ്ങൾ പാലക്കാട് രാഹുലിനെ നോക്കാമെന്ന് ബി.ജെ.പി, വടകരയിൽ ഷാഫിയെ നോക്കാമെന്ന് സി.പി.എം; ഇതാണ് അവരുടെ ധാരണ’ -ഷിബു ബേബി ജോൺ

തിരുവനന്തപുരം: ഷാഫി പറമ്പിലിനെ ടാർഗറ്റ് ചെയ്യുന്നത് എന്തിനാണെന്ന് ആളുകൾക്ക് ബോധ്യപ്പെടുന്ന യുക്തിപരമായ മറുപടി പറയാൻ സി.പി.എമ്മിന് കഴിയുമോ എന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. എന്തിനാണ് ഷാഫിയെ വഴിയിൽ തടയുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ബി.ജെ.പിക്ക് ഷാഫിയോടുള്ള അമർഷം നമുക്കറിയാം. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള മതേതരവാദിയായ ചെറുപ്പക്കാരൻ മതേതരകേരളത്തിന്റെ മനസ്സ് കവർന്ന് ​മുന്നോട്ടുപോകുന്നത് അവർക്ക് അനുവദിച്ചുകൂടാ. അതേ താൽപര്യത്തോടെയാണ് സി.പി.എമ്മും ഷാഫിക്കെതിരെ തിരിയുന്നത്. അവരുടെ കോട്ടയായ വടകര മണ്ഡലത്തിൽ അവരുടെ ഏറ്റവും പ്രമുഖയായ ശൈലജ ടീച്ചറെ ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ഷാഫി അവർക്ക് കണ്ണുകടിയായി. പാലക്കാട് ഞങ്ങൾ രാഹുലിനെ നോക്കാം, വടകരയിൽ നിങ്ങൾ ഷാഫിയെ നോക്കിക്കോ എന്നാണ് ബി.ജെ.പി -സി.പി.എം ധാരണ. രണ്ടുപേരും കൂടി സതീശനെയും നോക്കാൻ തീരുമാനിക്കുന്നു. ഇതല്ലേ കേരളം കാണുന്നത്. അ​ല്ലെങ്കിൽ ഇത്തരം സമര ആഭാസം നടത്താനുള്ള എന്ത് ന്യായീകരണമാണുള്ളത്? -അദ്ദേഹം ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നത് മുതൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷാഫി പറമ്പിൽ എം.പിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നലെ ഉച്ചക്ക് വടകരയിൽ കെ.കെ. രമ എം.എൽ.എ സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയിൽ പ​ങ്കെടുത്ത് മടങ്ങവേ ഷാഫിയെ വടകരയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ തടഞ്ഞുവെച്ച് തെറിവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതോടെ കാറിൽ നിന്ന് പുറത്തിറങ്ങിയ ഷാഫി, തെറിവിളിച്ചാൽ പേടിച്ചോടുമെന്ന് കരുതിയോ എന്ന് ചോദിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ നേരിട്ടു.

രാഹുലിനെ ഷാഫിയാണ് സംരക്ഷിക്കുന്നതെന്നും ഇതിന്റെ പേരിലുള്ള സ്വാഭാവിക പ്രതികരണമാണ് ഷാഫിക്കെതിരെ വടകരയിൽ ഉണ്ടായതെന്നുമാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് ഇതേക്കുറിച്ച് പറഞ്ഞത്. ‘ഷാഫിയുടെ നേതൃത്വത്തിൽ പല കുതന്ത്രങ്ങള്‍ നടത്തും. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിൽ പെട്ടുപോകരുത്. വടകരയിൽ ഷാഫി പ്ലാൻ ചെയ്തപോലുള്ള പ്രതികരണമാണ് നടത്തിയത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ആണെന്ന് പോലും ഷാഫി മറന്നു. ഷാഫിയുടെ ഇത്തരം പ്രതികരണങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പുലര്‍ത്തും. ഡി.വൈ.എഫ്.ഐ ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചാൽ ഇങ്ങനെ ആയിരിക്കില്ല പ്രതികരണം. ഒരിക്കൽ പോലും ഷാഫി രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറ‍ഞ്ഞിട്ടില്ല’ -വി. വസീഫ് പറ‍ഞ്ഞു.

Tags:    
News Summary - Shibu Baby John against cpm and bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.