തൃശൂർ: കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ നിറസാന്നിദ്ധ്യവും സജീവപ്രവര്‍ത്തകയുമായിരുന്ന ഷീന ജോസ് അന്തരിച്ചു. 55 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
80കളിൽ കേരളത്തിെൻറ പൊതുയിടങ്ങളിലും, ബദൽസാമൂഹിക പ്രവർത്തനങ്ങിലും വേറിട്ട ശബ്ദമായിരുന്നു ഷീനജോസ്. വിമർശനത്തിെൻറ മൂർഛയുള്ള വാക്കുകളെറിയുന്നതോടൊപ്പം ഉച്ചത്തിൽ പൊട്ടിച്ചിരിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന ഒരാൾ. 80കളുടെപകുതിയിൽ കേരളത്തിലെ ആദ്യ ഫെമിനിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ചേതന, ഷീനയുടെ നേതൃത്വത്തിൽനിന്നായിരുന്നു ഊർജം കൊണ്ടത്.
പരിസ്ഥിതിയും രാഷ്ട്രീയവും സജീവ ചർച്ചാവിഷയങ്ങളായ ബദൽ ചിന്താവേദിയായ 'പാഠഭേദ'ത്തിെൻറ മുഴക്കമുള്ള ശബ്ദമായിരുന്നു അവർ. തൃശൂര് ഭാഷയുടെ നർമത്തോടെ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലായിരുന്നു ഏത് കാഠിന്യമുള്ള വിഷയവും അവതരിപ്പിച്ചിരുന്നത്.കേരളത്തെ മുന്നോട്ടു ചലിപ്പിച്ച ഫെമിനിസ്റ്റ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചവരായിരുന്നു ഷീനയെന്ന് സാഹിത്യകാരി സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
1990കളില്‍ കേരളത്തില്‍ വച്ച് സംഘടിപ്പിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം മുതല്‍ പ്രധാനപ്പെട്ട എല്ലാ സ്ത്രീ മുന്നേറ്റങ്ങളിലും ഷീന ജോസ് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് വിവിധ സമര പരിപാടികളിലും ശില്പശാലകളിലും യാത്രകളിലും സജീവ സാന്നിധ്യമായി. പശ്ചിമഘട്ട രക്ഷായാത്രയിലും പെരിങ്ങോം സമരമടക്കമുള്ള ആണവ വിരുദ്ധ സമരത്തിലും ജനകീയ ആരോഗ്യ പ്രസ്ഥാനത്തിലുമെല്ലാം നേതൃത്വപരമായ ഇടപെടല്‍ ഷീന നടത്തിയിരുന്നു. ഏഴിമലയില്‍ നിന്നും ബലിയപാല്‍ സമരത്തിലേക്ക് ഷീന ജോസ് അടക്കമുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ യാത്ര ചരിത്രത്തിെൻറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.