കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യനായ സ്ഥാനാർഥിയാണ് ശശി തരൂരെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തിന് യോഗ്യനായ സ്ഥാനാർഥിയാണ് ശശി തരൂരെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുന്നതിൽ അത്ഭുതപ്പെടുന്നതെന്തിന്? അദ്ദേഹം മത്സരിക്കാൻ യോഗ്യനായ സ്ഥാനാർഥിയല്ലേ എന്ന് സുധാകരൻ ചോദിച്ചു.

ജനാധിപത്യ പാർട്ടിയായ കോൺഗ്രസിൽ മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എനിക്ക് മത്സരിക്കണമെങ്കിൽ മത്സരിക്കാം. പാർട്ടി തള്ളില്ല. പ്രോത്സാഹിപ്പിക്കുകയേയുള്ളു. വോട്ട് കിട്ടിയാൽ ഞാൻ ജയിക്കും. അത്രയേ ഉള്ളൂ കാര്യം - സുധാകരൻ പറഞ്ഞു.

ലോകായുക്തയുടെ പ്രസക്തി ഇല്ലാതാക്കുന്ന ബില്ലാണ് കഴിഞ്ഞദിവസം സഭയിൽ അവതരിപ്പിച്ചതെന്നും ആ ബില്ലിന് ഗവർണർ അംഗീകാരം കൊടുക്കരുതെന്നാണ് ജനവികാരമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ സ്ഥാനാർഥിയായാൽ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും. കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയാക്കാൻ മത്സരം അനിവാര്യമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് പാർട്ടിയോടുള്ള ദേശീയ താൽപര്യം വർധിപ്പിക്കുമെന്നും കൂടുതൽ വോട്ടർമാരെ വീണ്ടും കോൺഗ്രസിലേക്ക് ആകർഷിക്കുമെന്നുമാണ് തരൂരിന്റെ അഭിപ്രായം. എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് ഇതുവരെ ശശി തരൂർ പ്രതികരിച്ചിട്ടില്ല.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമാണുള്ളതെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ എട്ടിന് തന്നെ വിജയിയെ പ്രഖ്യാപിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള ആലോചനകളാണ് ജി 23 ക്യാമ്പിൽ നടക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം ആവശ്യപ്പെട്ട് 2020 ആഗസ്റ്റിലാണ് ജി 23 രൂപപ്പെട്ടത്. അതിനെ നയിച്ച ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ടത്.

Tags:    
News Summary - Shashi Tharoor is fit for the post of Congress President- K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.