‘ഭൂകമ്പ സമയത്ത് തുര്‍ക്കിയയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

കോഴിക്കോട്: ഭൂകമ്പത്തിൽ തകർന്ന തുർക്കിയക്ക് സാമ്പത്തിക സഹായം നൽകിയ കേരള സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ തുർക്കിയ പാകിസ്താനെ പിന്തുണ സാഹചര്യത്തിലാണ് വിമർശനം.

രണ്ട് വർഷത്തിന് ശേഷം തുർക്കിയയുടെ പെരുമാറ്റം കണ്ട കേരള സർക്കാർ തെറ്റായ ഔദാര്യത്തെ കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂർ എക്സിൽ കുറിച്ചു.

2023ൽ ഭൂകമ്പത്തിൽ തകർന്ന തുർക്കിയക്ക് 10 കോടി രൂപ നൽകി കേരള സർക്കാർ സഹായിച്ചിരുന്നു. ഈ വാർത്ത പങ്കുവെച്ചാണ് സർക്കാറിനെതിരായ തരൂരിന്‍റെ വിമർശനം.



2023 ഫെബ്രവരി എട്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് തുർക്കിയക്ക് 10 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. 'ലോക ബോധത്തെ ഞെട്ടിച്ച തുർക്കിയിലെ ഭൂകമ്പം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിരാലംബരാക്കുകയും ചെയ്തു'വെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.

26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമത്തിൽ പാകിസ്താൻ നിലപാടിനെ തുർക്കിയ പിന്തുണച്ചത് ഇന്ത്യ-തുർക്കി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യക്കെതിരെ പാകിസ്താൻ ആക്രമണത്തിന് ശ്രമിച്ചത്. ഇതിന് പിന്നാലെ തുർക്കി നിർമിത വസ്തുക്കളും ബേക്കറി ഉൽപന്നങ്ങളും നിരോധിച്ചാണ് ഇന്ത്യയിലെ വ്യാപാരികൾ മറുപടി നൽകിയത്.

ഇതോടൊപ്പം തുർക്കിയയിലേക്കുള്ള യാത്രകൾ വിനോദ സഞ്ചാരികൾ ബഹിഷ്കരിക്കുകയും വിമാന യാത്രാ ടിക്കറ്റുകൾ റദ്ദാക്കുകയും ചെയ്തു. ഇത് തുർക്കിയയുടെ വിനോദ സഞ്ചാരമേഖലക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

Tags:    
News Summary - Shashi Tharoor criticizes Kerala govt for showing generosity to Turkey during earthquake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.