കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥികളായി ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി കെ.പി.സി.സി സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്തിൽ ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി ശശി തരൂർ എം.പി. എ.ഐ.സി.സി വർക്കിങ് കമ്മിറ്റി അംഗമെന്ന പരിഗണന ലഭിച്ചില്ലെന്ന പരാതി കെ.സി. വേണുഗോപാലിനോടും ദീപാദാസ് മുൻഷിയോടും തരൂർ അറിയിച്ചെന്നാണ് വിവരം. ഇന്നലെ കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടി തീരുംമുമ്പേ തരൂർ വേദി വിട്ട് ഇറങ്ങിപ്പോയിരുന്നു.
കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫാണ് പരിപാടിയിൽ അധ്യക്ഷത വഹിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കർണാടക മന്ത്രി കെ.ജെ. ജോർജ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ഷാനിമോൾ ഉസ്മാൻ എന്നിവരെല്ലാം പരിപാടിയിൽ പങ്കെടുത്തിരുന്നു.
വിജയോത്സവം മഹാപഞ്ചായത്ത് രാഹുൽ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ആശയപരമായ നിശ്ശബ്ദത അടിച്ചേല്‍പിക്കാനാണ് ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ശ്രമമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ശബ്ദിക്കുന്ന, അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യർക്ക് പകരം സംഘ്പരിവാര്‍ ആശയങ്ങള്‍ക്ക് അടിമപ്പെടുന്ന ജനതയെയാണ് അവർ ആഗ്രഹിക്കുന്നത്. കേരളത്തിലെ മനുഷ്യരെ നിശ്ശബ്ദരാക്കാന്‍ അവർക്ക് കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പോലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പും അത് രാജ്യത്തോട് ഉറക്കെ വിളിച്ചുപറയും. കേരളത്തിലെ ഒരു പാർലമെന്‍റംഗം എന്നനിലയിൽ ഈ നാടിന്‍റെ സംസ്കാരം മനസ്സിലാക്കിയ ആളാണ് താൻ. ഇവിടെ പല മതങ്ങൾ ഇഴുകിച്ചേർന്ന് ജീവിക്കുന്നു. മികച്ച രാഷ്ടീയ ബോധമുള്ള ജനത. നിശ്ശബ്ദതയുടെ സംസ്കാരത്തെ ഇവിടെ വളരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.