തിരുവനന്തപുരം: വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകൻ ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കാമുകി ഗ്രീഷ്മയും അമ്മാവൻ നിർമല കുമാരൻ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി കണ്ടെത്തി. ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റി.
ഒന്നാം പ്രതി പാറശ്ശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. എന്നാൽ, ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധുവിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന കുറ്റത്തിനുമാണ് ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
കാമുകനായ മുര്യങ്കര ജെ.പി ഹൗസിൽ ജെ.പി. ഷാരോൺ രാജിനെ (23) 2022 ഒക്‌ടോബർ 14ന് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിന് തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മ സിന്ധു ഒത്താശ ചെയ്തെന്നും കീടനാശിനി ഗ്രീഷ്മക്ക് വാങ്ങിനൽകിയത് അമ്മാവൻ നിർമല കുമാരൻ നായരാണെന്നും പൊലീസ് കണ്ടെത്ത്‍യിരുന്നു.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബി.എസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്. കഴിഞ്ഞ ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഗ്രീഷ്മ നൽകിയ കഷായമാണ് താൻ കുടിച്ചതെന്ന് ഷാരോൺ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്.
ഗ്രീഷ്മയുടെ അമ്മയും പ്രതിയുമായ സിന്ധു കുറ്റക്കാരിയാണെന്നും ശിക്ഷ കൊടുക്കേണ്ടതായിരുന്നുവെന്നും ശിക്ഷാവിധി അറിഞ്ഞശേഷം ഷാരോണിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.