കൊച്ചി: കാമുകനായിരുന്ന ഷാരോൺ രാജിനെ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തിയ കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നതടക്കം ആവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മയടക്കം ഹൈകോടതിയിൽ ഹരജി നൽകി. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെയാണ് നടത്തേണ്ടതെന്നും പരിഗണനയിലുള്ള അന്തിമ റിപ്പോർട്ടും കോടതിയും നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഗ്രീഷ്മ, മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ നായർ എന്നിവരാണ് ഹരജി നൽകിയത്. ഹരജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറടക്കം എതിർ കക്ഷികളുടെ വിശദീകരണം തേടി. 22ന് വീണ്ടും പരിഗണിക്കും.
അന്തിമ റിപ്പോർട്ട് റദ്ദാക്കാൻ നേരത്തേ ഹൈകോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയിൽ ഉന്നയിക്കാനാണ് നിർദേശിച്ചത്. ഈ ആവശ്യം അംഗീകരിക്കാതിരുന്ന വിചാരണക്കോടതി അന്തിമ റിപ്പോർട്ട് സ്വീകരിച്ച് വിചാരണ നടപടികൾ ആരംഭിച്ച് ഉത്തരവിടുകയായിരുന്നു.
2022 ഒക്ടോബർ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ 25ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതിരുന്നതിനത്തുടർന്ന് ഗ്രീഷ്മ ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകിയെന്നും തുടർന്ന് ആശുപത്രിയിൽ മരിച്ചുവെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.