കുഞ്ഞിനെ കിട്ടുന്നതിനായി സമരം ചെയ്യുന്ന അനുപമയുടെ സമരത്തിന് സമീപം പ്രതിഷേധിക്കുന്ന ശകുന്തള

അനുപമക്ക്​ പിന്നാലെ ശകുന്തളയും ചോദിക്കുന്നു; സർക്കാറേ, എെൻറ മകളെവിടെ?

തിരുവനന്തപുരം: മാതാപിതാക്കളും ശിശുക്ഷേമ സമിതിയും പാർട്ടി നേതാക്കളും ചേർന്ന് നാടുകടത്തിയ സ്വന്തം കുഞ്ഞിന് വേണ്ടി അനുപമയും ഭർത്താവും ശനിയാഴ്ച്ച സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരുന്നപ്പോൾ, പൊലീസ് കൊണ്ടുപോയ തന്‍റെ മകൾക്ക് വേണ്ടി ഒരമ്മയും സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായിരുന്നു. കണ്ണീരുവറ്റിയ കണ്ണുകളും പട്ടിണി കിടന്ന് എല്ലുതോലുമായ ശരീരവുമായി കഴിഞ്ഞ ആറര വർഷമായി ആ അമ്മ ഇവിടെയുണ്ട്- ബാലരാമപുരം സ്വദേശി ശകുന്തള.

ബാലാവകാശം ഉയർത്തി സുപ്രഭാതത്തിൽ സമരപന്തലിൽ നിന്ന് പൊലീസ് പിടിച്ചു കൊണ്ടുപോയ മകൾ എവിടെയാണെന്ന് ഇന്ന് ശകുന്തളക്ക് അറിയില്ല. മകളെ അന്വേഷിച്ച് മുട്ടാത്ത വാതിലുകൾ ഇല്ല. കയറിയിറങ്ങാത്ത പൊലീസ് സ്റ്റേഷനുകളില്ല കാണാത്ത നേതാക്കന്മാർ ഇല്ല. പക്ഷേ ഒമ്പത് വയസുകാരിയായ അമലുവിനെയും കാത്ത് ഈ അമ്മ ഇപ്പോഴും സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്. ഒരു ഭ്രാന്തിയെപ്പോലെ...

പേമാരിയും പ്രള‍യവും പലതവണ വന്നിട്ടും സെക്രട്ടറിയേറ്റിന് മുന്നിലെ ഒരു ഫ്ലക്സിന് കീഴെ അമലുവിനെ കാത്ത് ഈ അമ്മ ഇരുന്നു. കോവിഡ് മഹാമാരിയുടെ തീവ്രതയിൽ ലോകം വീടിനുള്ളിൽ ആയപ്പോഴും മകളുടെ വരവും കാത്ത് ശകുന്തള ഒറ്റക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരുന്നു. ലോക്ഡൗണിൽ പൈപ്പ് െവള്ളം കുടിച്ച് വിശപ്പ് കയറ്റി. രാത്രി തെരുവുനായകൾക്കൊപ്പം ഉറങ്ങി.

സ്വന്തമായി ഉണ്ടായിരുന്ന അഞ്ച് സെന്‍റ് ഭൂമി പൊലീസ് ഒത്താശയോടെ അയൽവാസി കൈയടക്കിയതോടെയാണ് പരാതിയുമായി ശകുന്തളയും സുകുമാരനും മകളുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തുന്നത്. ഭൂമി കൈയേറിയെന്ന് ആരോപിച്ച് പലതരത്തിലുള്ള ആക്രമണങ്ങളാണ് അയൽവാസിയിൽ നിന്ന് നേരിടേണ്ടിവന്നത്. കിണറിൽ വിഷം കലർത്തി, ഭർത്താവിനെ വീട്ടിൽ കയറി വെട്ടിയതിന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

ജീവന് ഭീഷണിയായതോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ട് പരാതി പറയാൻ ശ്രമിച്ചെങ്കിലും സെക്രട്ടറിയേറ്റിലെത്തിയപ്പോൾ കടത്തിവിട്ടില്ല. പലതവണ ശ്രമിച്ചെങ്കിലും പാസ് പോലും നൽകിയില്ല. ഇതോടെയാണ് 2014 മുതൽ ഇവർ മകളുമായി സമരം ആരംഭിച്ചത്. 2015 വരെ ഇവർക്കൊപ്പം അമലുവും സമരപന്തലിലുണ്ടായിരുന്നു. വിദ്യാഭ്യാസവും ബാല്യവും നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് 2015ൽ അമലുവിനെ ശകുന്തളയുടെ മടിത്തട്ടിൽ നിന്ന് പൊലീസ് പിടിച്ചു കൊണ്ടു പോകുന്നത്.

എന്നാൽ അച്ഛൻ സുകുമാരനെ വീട്ടില് കയറി വെട്ടിയതിന്‍റെ ഏക സാക്ഷികൂടിയായ അമലുവിനെ പൊലീസ് കൊണ്ടുപോയത് അന്ന് കേസെടുക്കാതെ പ്രതികളെ രക്ഷിച്ച അതേ പൊലീസുകാരനാണെന്ന് ശകുന്തള പറയുന്നു. തുടർന്ന് സുകുമാരനും ശകുന്തളയും മകൾക്കായി ക േ ൻറാൺമെൻറ് പൊലീസ് സ്റ്റേഷനിൽ കയറിയെങ്കിലും ശിശുക്ഷേമ സമിതിയിലുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കുട്ടി സമിതിയില്ലെന്നാണ് അധികൃതർ നൽകിയത്. ഇതോടെ മകളെ തേടിയുള്ള ഓട്ടത്തിലായി ഇരുവരും. ഈ അന്വേഷണത്തിനിടയിലാണ് റോഡിലൂടെ നടന്നു പോകുകയായിരുന്ന സുകുമാരൻ വാഹനമിടിച്ച് മരിച്ചത്. ഇത് കൊലപാതകമാണെന്ന് ശകുന്തള ആരോപിക്കുന്നു.

സംഭവത്തിൽ നാളിതുവരെ കേസ് രജിസ്റ്റർ ചെയ്യാനോ പ്രതികളെ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഭർത്താവും മകളും നഷ്ടപ്പെട്ടതോടെ കഴിഞ്ഞ അഞ്ച് വർഷമായി ഒറ്റക്കാണ് സമരം. ആദ്യകാലങ്ങളിൽ മുത്തുകൾ കോർത്ത് മാല തുന്നി കിട്ടുന്ന പണം കൊണ്ടായിരുന്നു വിശപ്പടക്കിയിരുന്നത്. വെയിലും മഴയും പട്ടിണിയും ശരീരത്തെ തളർത്തിയതോടെ ഇതിനും കഴിയാതെയായി.

വർഷങ്ങളായി ഏൽക്കുന്ന മഴയിലും വെയിലും അവശയായ ഇവർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ അലയുകയാണ്. ആരും സഹായിക്കാനില്ലാത്ത ഭ്രാന്തമായ വാക്കുകളിൽ നീതിനിഷേധത്തിന്‍റെ പ്രതിഷേധം ആളി കത്തുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല. എങ്കിലും എന്നെങ്കിലും മകൾ തന്നെ തേടി വരുമെന്ന പ്രതീക്ഷയോടെ ഈ അമ്മ അമലുവിനെയും കാത്തിരിക്കുകയാണ്.

Tags:    
News Summary - Shakuntala also asks; Government, where's my children?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.