തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധം. അറസ്റ്റിന് മുമ്പുള്ള നടപടികൾ പാലിച്ചില്ലെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) ആരോപിച്ചു. ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കി. സൈബര്‍ ക്രൈം സി.ഐയുടെ പ്രതികാര നടപടിക്കെതിരെ അച്ചടക്ക നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അപകീര്‍ത്തിക്കേസില്‍, ഒരു നോട്ടീസ് നല്‍കി വിളിച്ചു വരുത്താമായിരുന്ന മാധ്യമപ്രവര്‍ത്തകനെ അച്ഛനും അമ്മക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ ഷര്‍ട്ട് പോലും ധരിക്കാന്‍ അനുവദിക്കാതെ, ബലമായി പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതിനു പിന്നില്‍ രാഷ്ട്രീയ താൽപര്യമാണ്. വ്യക്തിഹത്യ, മാനഹാനി എന്നൊക്കെയാണ് പരാതിയിൽ പരാതിക്കാരി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതുപ്രകാരം പൊലീസിന് കേസെടുക്കാനാകില്ല.
സ്ത്രീത്വത്തെ അപമാനിക്കുംവിധം ലൈംഗികച്ചുവയുള്ള പ്രയോഗം നടത്തി എന്നതാണ് ചാർത്തിയ കുറ്റം. എന്നാൽ, അത്തരം ഒരു പരാതി എഫ്.ഐ.ആറിൽ ഇല്ല. വാര്‍ത്തകളുടെ പേരില്‍ എന്ത് നടപടി സ്വീകരിക്കണമെങ്കിലും 10 ദിവസം മുമ്പ് തന്നെ നോട്ടീസ് നൽകണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസ്താവിച്ചു. ഷാജന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മനുഷ്യാവകാശം ലംഘിക്കാതെ, പൊലീസിന് നടപടികള്‍ സ്വീകരിക്കാം. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പറയുന്ന ഭരണകൂടം ഒരു മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ക്കയറി അതിക്രമിച്ച് പിടികൂടുന്നത് ന്യായീകരിക്കാനാകില്ലെന്നും പ്രസ് ക്ലബ് പ്രസിഡന്‍റ് പി.ആര്‍. പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.