വി.ഡി. സതീശൻ

‘കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫ്’; വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഫെബ്രുവരി ആറ് മുതൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് രാഷ്ട്രീയ ജാഥക്ക് പേരായി. ‘പുതുയുഗ യാത്ര’ എന്ന പേരിൽ ഫെബ്രുവരി ആറ് മുതൽ മാർച്ച് ആറ് വരെയാണ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കാണ് പ്രചാരണ ജാഥ. ‘കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫ്’ എന്നതായിരിക്കും യാത്രയുടെ തീം. സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ജാഥയുടെ സമാപനം മാർച്ച്‌ ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും.

ഏപ്രിലിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇതിനു മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലുമെത്തി ജനപിന്തുണ കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവിന് പുറമെ പ്രമുഖ നേതാക്കളെല്ലാം അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾ സംസ്ഥാനത്തുടനീളം ചർച്ചയാക്കുകയെന്ന ഉദ്ദേശ്യവും ജാഥക്കുണ്ട്. വോട്ടർമാരെ കൂടുതലായി കാണാൻ ലഭിക്കുന്ന അവസരം പരമാവധി വിനിയോഗിക്കാനാണ് യു.ഡി.എഫിന്‍റെ നീക്കം.

കാസർകോടുനിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി ഏഴിന് കണ്ണൂരിലും 10ന് വയനാട്ടിലും പര്യടനം നടത്തും. ഫെബ്രുവരി 11ന് കോഴിക്കോട് എത്തുന്ന ജാഥ 13ന് മലപ്പുറത്തും 16ന് പാലക്കാട്ടും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ഫെബ്രുവരി 18ന് തൃശൂരിലെ പര്യടനം പൂർത്തിയാക്കി 20ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥക്ക് അവിടെ ദ്വിദിന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

ഫെബ്രുവരി 23ന് ഇടുക്കി, 25ന് കോട്ടയം, 26ന് ആലപ്പുഴ, 27ന് പത്തനംതിട്ട, 28ന് കൊല്ലം എന്നിങ്ങനെ തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലൂടെ ജാഥ പ്രയാണം തുടരും. മാർച്ച്‌ നാലിന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കുന്ന ജാഥ, വിവിധ മണ്ഡലങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം മാർച്ച്‌ ആറിന് പുത്തരിക്കണ്ടം മൈതാനിയിലെ മഹാസമ്മേളനത്തോടെ ഔദ്യോഗികമായി സമാപിക്കും.

Tags:    
News Summary - UDF campaign rally | Puthuyuga Yatra | VD Satheesan | Kerala Assembly Election 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.